ഇഡി സംഘപരിവാര്‍ സംഘടനയായെന്ന് എ. വിജയരാഘവന്
1537592
Saturday, March 29, 2025 4:36 AM IST
കൊച്ചി: സംഘപരിവാറിലെ 35-ാം സംഘടനയായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) മാറിയെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവന്. കൊടകര കുഴല്‍പ്പണക്കേസില്‍ ബിജെപി നേതാക്കള്‍ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയതില്‍ പ്രതിഷേധിച്ച് കൊച്ചിയിലെ ഇഡി ആസ്ഥാനത്തേക്ക് സിപിഎം നടത്തിയ പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പോലീസ് കൃത്യമായി അന്വേഷിച്ച് തെളിവുകള്‍ സഹിതം രേഖകള്‍ ഇഡിക്ക് കൈമാറിയതാണ്. കോടികള്‍ ചാക്കുകളിലാക്കി തൃശൂര്‍ ബിജെപി ഓഫീസുകളില്‍ എത്തിച്ചതും മറ്റും മുന്‍ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീഷ് വെളിപ്പെടുത്തിയിരുന്നു.
എന്നാല്‍ ഇഡി സതീഷിനെ ചോദ്യം ചെയ്തില്ല. മൊഴിയുടെ അടിസ്ഥാനത്തില്‍ ഡല്‍ഹി മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ജയിലിലടച്ച ഇഡിയാണ് കൃത്യമായ തെളിവുകള്‍ ഉണ്ടായിട്ടും ബിജെപി നേതാക്കളെ സംരക്ഷിക്കുന്നതെന്നും വിജയരാഘവന് പറഞ്ഞു.
സിപിഐ സംസ്ഥാന കമ്മിറ്റിഅംഗം സി.എം. ദിനേശ്മണി അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സി.എന്‍. മോഹനന്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എസ്. ശര്‍മ, എസ്. സതീഷ്, എംഎല്‍എമാരായ കെ.എന്‍. ഉണ്ണികൃഷ്ണന്, കെ.ജെ. മാക്സി തുടങ്ങിയവര്‍ പങ്കെടുത്തു.
ജോസ് ജംഗ്ഷനില്‍നിന്ന് ആരംഭിച്ച പ്രകടനം ഇഡി ഓഫീസിന് സമീപത്ത് പോലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു.