വിവരാവകാശ പ്രവർത്തകനെതിരെയുള്ള ചൂർണിക്കര പഞ്ചായത്തിന്റെ പ്രമേയം ഓംബുഡ്സ്മാൻ റദ്ദാക്കി
1537588
Saturday, March 29, 2025 4:36 AM IST
ആലുവ: ചൂർണിക്കര പഞ്ചായത്ത് വിവരാവകാശ പ്രവർത്തകനെതിരെ പാസാക്കിയ പ്രമേയം ഓംബുഡ്സ്മാൻ റദ്ദാക്കി. ഇന്നലെ എറണാകുളത്ത് നടന്ന സിറ്റിംഗിൽ പ്രമേയം അനുകൂലിച്ച മുഴുവൻ വാർഡംഗങ്ങളെയും വിളിച്ചു വരുത്തി വിശദീകരണം ചോദിച്ച ശേഷമാണ് ഓംബുഡ്സ്മാൻ ജസ്റ്റീസ് പി. ഡി. രാജൻ പ്രമേയം റദ്ദാക്കിയത്.
വിവരാവകാശ അപേക്ഷകൾ വളരെയധികം നൽകുന്നതിനാൽ പഞ്ചായത്തിലെ ഉദ്യോഗസ്ഥർക്ക് ബുദ്ധിമുട്ടാകുന്നുവെന്നും വിവരാവകാശ പ്രവർത്തകനായ കെ.ടി. രാഹുലിനെതിരെ നിയമനടപടി വേണമെന്നുമാണ് വാർഡംഗം രാജേഷ് അവതരിപ്പിച്ച പ്രമേയത്തിൽ ആവശ്യപ്പെട്ടത്. ഇതിനെ 13 അംഗങ്ങൾ അനുകൂലിക്കുകയും നാല് അംഗങ്ങൾ എതിർക്കുകയും ചെയ്തു.
2024 മേയ് 29നാണ് പ്രമേയം പാസാക്കിയത്. ഇതിനെതിരെ വിവരാവകാശ പ്രവർത്തകൻ തദ്ദേശ സ്വയംഭരണ ഓംബുഡ്സ്മാന് നൽകിയ പരാതിയിലാണ് അപൂർവ നടപടി ഉണ്ടായത്. പ്രസിഡന്റ് രാജി സന്തോഷ്, വൈസ് പ്രസിഡന്റ് ബാബു പുത്തനങ്ങാടി,
രാജേഷ് പുത്തനങ്ങാടി, ഷീല ജോസ്, ലൈല അബ്ദുൽ കാദർ, കെ.എസ്. മുഹമ്മദ് ഷഫീക്, അലീഷാ ലിനേഷ്, പി.വി. വിനീഷ്, റംല അലിയാർ, സബിത സുബൈർ, പി.എസ്. യൂസഫ്, സുബൈദ യൂസഫ്, റൂബി ജിജി എന്നിവരെയും സെക്രട്ടറി പി.കെ. മഹേഷിനെയുമാണ് വിളിച്ചു വരുത്തിയത്. പാർലമെന്റ് പാസാക്കിയ വിവരാവകാശ നിയമം പൗരന്റെ അവകാശമാണെന്ന് ഓംബുഡ്സ്മാൻ വാർഡംഗങ്ങളെ ബോധ്യപ്പെടുത്തി.
വാർഡംഗങ്ങളായ ശിവാനന്ദൻ, രമണൻ ചേലാക്കുന്ന്, കെ.കെ. ദിലീഷ്, ലീന ജയൻ എന്നിവരാണ് പ്രമേയത്തെ എതിർത്തത്. അതിനാൽ സിറ്റിംഗിൽ നിന്ന് ഇവരെ ഒഴിവാക്കി. രാഷ്ട്രീയ പാർട്ടി ഭേദമന്യേയാണ് പ്രമേയത്തെ അനുകൂലിച്ചും എതിർത്തും പഞ്ചായത്ത് യോഗത്തിൽ എല്ലാവരും നിലപാടെടുത്തത്.