യുവതി ജീവനൊടുക്കിയ സംഭവം: പോലീസ് കേസെടുത്തു
1537586
Saturday, March 29, 2025 4:27 AM IST
ഇരുമ്പനം: യുവതിയെ ഭർതൃവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ നൽകിയ പരാതിയിൽ ഹിൽപാലസ് പോലീസ് കേസെടുത്തു. ഇരുമ്പനം ചിത്രപ്പുഴ മൂന്നാംകുറ്റിപറമ്പിൽ പരേതനായ സത്യന്റെ മകൾ എം.എസ്. സംഗീത(26)യെ കഴിഞ്ഞ 26ന് ഉച്ചയോടെയാണ് ഭർത്താവ് തിരുവാങ്കുളം ചക്കുപറമ്പ് അഭിലാഷിന്റെ വീട്ടിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്.
ഭർത്താവ് അഭിലാഷ് പണം ആവശ്യപ്പെട്ട് സംഗീതയെ നിരന്തരം പീഡിപ്പിക്കുമായിരുന്നെന്നും ജോലിസ്ഥലത്ത് എത്തിയും ബഹളം ഉണ്ടാക്കുമായിരുന്നെന്നും പരാതിയിൽ പറയുന്നു. ജീവനൊടുക്കിയതിന്റെ തലേന്നും വീട്ടിൽ വച്ച് സംഗീതയെ മർദിച്ചിരുന്നെന്നും ആരോപണമുണ്ട്.
ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ മൃതദേഹം ആർഡിഒയുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തി കളമശേരി മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം സംസ്കരിച്ചു. അഞ്ചു വർഷം മുന്പായിരുന്നു ഇവരുടെ വിവാഹം. എൽകെജിയിലും അങ്കണവാടിയിലും പഠിക്കുന്ന രണ്ട് കുട്ടികളുണ്ട്.