ഡോ. വി.പി. പൈലിക്ക് പുരസ്കാരം
1537583
Saturday, March 29, 2025 4:27 AM IST
കൊച്ചി: മികച്ച ഡോക്ടര്‍ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്കാരം ആലുവ രാജഗിരി ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റായ ഡോ. വി.പി. പൈലിക്ക്. സ്വകാര്യ മേഖലയിലെ മികച്ച സേവനത്തിനാണ് പുരസ്കാരം.
തിരുവനന്തപുരത്ത് ആരോഗ്യ മന്ത്രി വീണ ജോര്‍ജാണ് പുരസ്കാരം പ്രഖ്യാപിച്ചത്. 50 വര്‍ഷത്തിലധികം സേവന പരിചയമുള്ള ഡോ. പൈലി രൂപകല്പന ചെയ്ത പൈലി ഒബ്സ്റ്റെട്രിക് ഫോഴ്സെപ്സ് രീതി ആഗോള അംഗീകാരം നേടിയിട്ടുണ്ട്. പ്രസവം കൂടുതല്‍ സുരക്ഷിതവും കാര്യക്ഷമവുമാക്കാനുള്ളതാണ് ഈ രീതി.
സൊസൈറ്റി ഓഫ് വജൈനല്‍ സര്‍ജന്‍സ് ഓഫ് ഇന്ത്യയുടെ പ്രസിഡന്റ്, കേരള ഫെഡറേഷന് ഓഫ് ഒബ്സ്റ്റെട്രിക്സ് ആന്‍ഡ് ഗൈനക്കോളജിയുടെ മുന്‍ പ്രസിഡന്റ്, കോണ്‍ഫിഡന്‍ഷ്യല്‍ റിവ്യൂ ഓഫ് മെറ്റേണല്‍ ഡെത്ത്സ് സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
പിറവം സ്വദേശിയാണ്. ഭാര്യ: ഷീല ജോയ് ( റിട്ട. ഡോക്ടര്‍, റേഡിയോ തെറാപ്പി, ഗവ. മെഡിക്കല്‍ കോളജ് തൃശൂര്‍). മക്കള്‍: ഡോ. അനു പോള്‍ ( ലണ്ടന്‍), അഞ്ജു മേരി പോള്‍ (പ്രഫസര്‍, അബുദാബി), ജോര്‍ജ് മാത്യു പൈലി (അസോ. പ്രഫസര്‍, യുഎസ്എ).