എസ്ഐയുടെ മൂക്കിനിടിച്ചു, പോലീസുകാരെ കടിച്ചു : നേപ്പാൾ സ്വദേശികൾ അറസ്റ്റിൽ
1537581
Saturday, March 29, 2025 4:27 AM IST
കാലടി: കുറ്റിപ്പാറ ഭാഗത്ത് നൈറ്റ് പട്രോളിംഗ് ഡ്യൂട്ടിയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച നേപ്പാൾ സ്വദേശികളെ അറസ്റ്റ് ചെയ്തു. നേപ്പാൾ സ്വദേശികളായ ഗീത ലിംബ് (38), സുമൻ (36) എന്നിവരെയാണ് അയ്യമ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്. അയ്യമ്പുഴ പോലീസ് സ്റ്റേഷൻ പരിധിയിൽ കുറ്റിപ്പാറ ഭാഗത്ത് ഇന്നലെ പുലർച്ചെ രണ്ടോടെയായിരുന്നു സംഭവം.
കുറ്റിപ്പാറ പള്ളി ഭാഗത്ത് റോഡരികിൽ സ്കൂട്ടറിൽ ഇരിക്കുകയായിരുന്ന രണ്ടു പേർ പോലീസിനെ കണ്ടതോടെ അമിത വേഗത്തിൽ വാഹനം ഓടിച്ചു പോയി. ഇവരെ പിന്തുടർന്ന് തടഞ്ഞു നിർത്തി പോലീസ് ചോദ്യം ചെയ്തപ്പോൾ പരസ്പര വിരുദ്ധമായ മറുപടിയാണ് നല്കിയത്.
തുടർന്ന് എസ്ഐ ജോർജ്, സിപിഒ അരുൺ എന്നിവർ ഇവരുടെ ഫോൺ പരിശോധിക്കുന്നതിനിടെ ഗീത എസ്ഐയുടെ മുഖത്ത് ഇടിക്കുകയായിരുന്നു. നാട്ടുകാരുടെ സഹായത്തോടെ ഇരുവരെയും വാഹനത്തിൽ കയറ്റിയപ്പോൾ വാഹനത്തിൽ നിന്ന് പുറത്ത് ചാടാനായി ഗീത ശ്രമിച്ചു.
തുടർന്ന് സ്റ്റേഷനിൽനിന്ന് ഡബ്ല്യുഎഎസ്ഐ പി.സി. റോസ, പ്രസാദ് എന്നിവരെ കൂടി വിളിച്ചുവരുത്തിയാണ് ഇരുവരെയും സ്റ്റേഷനിലേക്ക് കൊണ്ടുപോയത്.
മെഡിക്കൽ പരിശോധനയ്ക്കായി അങ്കമാലി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് പോലീസ് ഉദ്യോഗസ്ഥരെ പ്രതി കടിക്കുകയും മാന്തുകയും ചെയ്തത്. പരിശോധനയ്ക്കുശേഷം പ്രതികളെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചതിന് ഇവരുടെ പേരിൽ കേസ് രജിസ്റ്റർ ചെയ്തു.