മൂവാറ്റുപുഴ നഗരസഭാ ബജറ്റ് : ആശാ വർക്കർമാർക്കും അങ്കണവാടി ജീവനക്കാർക്കും ആശ്വാസം
1537574
Saturday, March 29, 2025 4:11 AM IST
മൂവാറ്റുപുഴ: ആശാ വർക്കർമാർക്കും അങ്കണവാടി ജീവനക്കാർക്കും ആശ്വാസമേകുന്ന പദ്ധതിയുമായി മൂവാറ്റുപുഴ നഗരസഭാ ബജറ്റ്. നഗരസഭാ അധ്യക്ഷൻ പി.പി. എൽദോസിന്റെ അധ്യക്ഷതയിൽ ചേർന്ന കൗണ്‍സിൽ യോഗത്തിൽ 61,97,83,637 രൂപ വരവും 51,33,89,575 രൂപ ചിലവും 10,63,94,062 രൂപ നീക്കിയിരിപ്പുമുള്ള 2024-25 വർഷത്തെ പുതുക്കിയ ബജറ്റും 10,63,94,062 രൂപ മുന്നിരിപ്പും 58,56,41,834 രൂപ വരവും ഉൾപ്പെടെ ആകെ 69,20,35,896 രൂപ വരവും 60,44,29,443 രൂപ ചെലവും 8,76,06,453 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന 2025-26 വർഷത്തെ ബജറ്റ് എസ്റ്റിമേറ്റുമാണ് വൈസ് ചെയർപഴ്സണ്‍ സിനി ബിജു അവതരിപ്പിച്ചത്.
സേവന വേതന പരിഷ്കരണം ആവശ്യപ്പെട്ടു സമരം നടത്തുന്ന ആശ വർക്കർമാർക്കും അങ്കണവാടി പ്രവർത്തകർക്കും ആശ്വാസമായി കേന്ദ്ര - സംസ്ഥാന ഓണറേറിയത്തിന് പുറമെ നഗരസഭ വിഹിതമായി പ്രതിമാസം 1500 രൂപ വീതം പ്രഖ്യാപിച്ചു. മൂവാറ്റുപുഴയാറിൽ വിനോദ ജലയാത്രയ്ക്കായി ബോട്ട് സർവീസ് ആരംഭിക്കുന്നതിന് ഡ്രിം ലാൻഡ് പാർക്കിനോട് അനുബന്ധിച്ച് ബോട്ടു ജെട്ടി നിർമിക്കും. കഴിഞ്ഞ ബജറ്റിൽ വിഭാവനം ചെയ്ത ടെക്നിക്കൽ സ്കൂൾ പ്രവർത്തനം ഈ അധ്യയനവർഷം ആരംഭിക്കും.
ആയുർവേദ ആശുപത്രിക്ക് പുതിയ മന്ദിരവും ഹോമിയോ ആശുപത്രിയിൽ കിടത്തി ചികിത്സക്കുള്ള ബ്ലോക്കും നിർമിക്കും. വർഷങ്ങളായി അടഞ്ഞുകിടക്കുന്ന ആധുനിക മത്സ്യമാർക്കറ്റ് സ്പോർട്സ് കൗണ്‍സിലിന് കൈമാറി സ്പോർട്സ് ഹോസ്റ്റലാക്കി മാറ്റും. എവറസ്റ്റ് ജംഗ്ഷനിൽ നഗരസഭ സൗജന്യമായി നൽകിയ 50 സെന്റ് സ്ഥലത്ത് ആധുനിക സൗകര്യങ്ങളോടെ ഫയർ സ്റ്റേഷൻ നിർമിക്കും.
നഗരസഭയിലെ മുഴുവൻ കുടുംബങ്ങളെയും ഉൾപ്പെടുത്തി ഒരംഗത്തിന് പരമാവധി അഞ്ച് ലക്ഷം വരെ നഷ്ടപരിഹാരം ലഭിക്കുന്ന സൗജന്യ അപകട ഇൻഷ്വറൻസ് പദ്ധതിക്ക് ഈ വർഷം രൂപം നൽകും. ബഡ്സ് സ്കൂളിന് ബസ് വാങ്ങും. ആരോഗ്യ മേഖലയ്ക്കായി ബജറ്റിൽ 2.23 കോടി വകയിരുത്തി.