ബഡ്സ് സ്കൂൾ ആരംഭിച്ചില്ല; ഓംബുഡ്സ്മാന് അതൃപ്തി
1537572
Saturday, March 29, 2025 4:11 AM IST
ആരക്കുഴ: സ്ഥല ലഭ്യതക്കുറവുമൂലം ആരക്കുഴ പഞ്ചായത്തിൽ ബഡ്സ് സ്കൂൾ ആരംഭിക്കാൻ വൈകുന്നതിൽ തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾക്കായുള്ള ഓംബുഡ്സ്മാൻ അതൃപ്തി അറിയിച്ചു. സ്കൂൾ തുടങ്ങാൻ അടിയന്തരമായി സ്ഥലം കണ്ടെത്താൻ എംവിഐപി ചുമതലയുള്ള ഗവ. സെക്രട്ടറിയോട് ആവശ്യപ്പെടാൻ പഞ്ചായത്തു സെക്രട്ടറിക്ക് ഓംബുഡ്സ്മാൻ പി.ഡി രാജൻ നിർദേശം നൽകി. മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ് ജോസ് അഗസ്റ്റിൻ ഓംബുഡ്സ്മാനു നൽകിയ പരാതിയാണ് എറണാകുളം ഗസ്റ്റ് ഹൗസിൽ നടത്തിയ വിചാരണയിൽ ഓംബുഡ്സ്മാൻ പരിഗണിച്ചത്.
പഞ്ചായത്തിലെ പണ്ടപ്പിള്ളിക്കു സമീപം എംവിഐപി യുടെ ബ്രാഞ്ച് കനാലിനു വേണ്ടി ഏറ്റെടുത്ത 15 സെന്റു സ്ഥലം ബഡ്സ് സ്കൂൾ കെട്ടിടനിർമാണത്തിനായി വിട്ടു നൽകാനാണ് എംവി ഐപി സെക്രട്ടറിയോട് ഓംബുഡ്സ്മാൻ നിർദേശിക്കുന്നത്.എംവിഐപി ഏറ്റെടുത്തിട്ടുള്ളതും ഉടമസ്ഥതയിൽ ഉള്ളതുമായ സ്ഥലങ്ങൾ പല പ്രദേശങ്ങളിലും അന്യാധീനപ്പെട്ടു പോകുകയാണ്.
ഈ സാഹചര്യം വിലയിരുത്തി പൊതു കാര്യങ്ങൾക്കാണെങ്കിലും സ്ഥലം വിട്ടു നൽകേണ്ടതില്ലെന്ന നിലപാടിലാണ് എംവിഐപി. പണ്ടപ്പിള്ളിയിലെ നിർദ്ദിഷ്ട സ്ഥലത്ത് മാലിന്യ സംഭരണ കേന്ദ്രത്തിനായി നേരത്തേ എംവിഐപി അനുമതി നൽകിയിരുന്നു. ഈ അനുമതി മാറ്റി ബഡ്സ് സ്കൂൾ ആരംഭിക്കാൻ അനുകൂല നടപടി സ്വീകരിക്കാനാണ് ഓംബുഡ്സ്മാൻ വിധി പ്രസ്താവിച്ചത്.
സ്ഥലം ലഭിച്ചാലും സ്കൂൾ തുടങ്ങാൻ പഞ്ചായത്തിന് വെല്ലുവിളികൾ ഏറെയാണ്. കെട്ടിട നിർമാണത്തിന് മതിയായ തുക കണ്ടെത്തണം. നിലവിൽ ലഭ്യമായ കണക്കനുസരിച്ച് എട്ടു പേരാണ് സ്കൂളിൽ എത്തുകയുള്ളൂ.ഇവർക്കായി വാഹന സൗകര്യം ഒരുക്കണം. സ്കൂൾ ജീവനക്കാർക്കുള്ള ശന്പളം പ്രാരംഭ ഘട്ടത്തിൽ നൽകണം.