കൂട്ടായ്മയിലൂടെ നാം വളരണം: ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ
1537569
Saturday, March 29, 2025 4:11 AM IST
കോതമംഗലം: കൂട്ടായ്മയിലൂടെ നമുക്ക് പലതും നേടാൻ കഴിയുമെന്നും അതിനാൽ നാം കൂട്ടായ്മയിലൂടെ വളരണമെന്നും കോതമംഗലം ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ. കീരംപാറ സെന്റ് സെബാസ്റ്റ്യൻസ് ഇടവകയിലെ വിശ്വാസ പരിശീല കേന്ദ്രത്തിന്റെയും ഇടവക കാര്യലയത്തിന്റെയും വെഞ്ചിരിപ്പ് നിർവഹിച്ച ശേഷം ചേർന്ന പൊതുസമ്മേളനത്തിൽ പള്ളിയുടെ സുവർണ ജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്. കീരംപറ ഇടവകയുടെ വിശ്വാസ പരിശീലന കേന്ദ്രവും ഇടവക കാര്യാലയവും വളരെ വേഗത്തിൽ പൂർത്തിയാക്കിയത് ഇടവകയുടെ കൂട്ടായ്മയുടെ വിജയമാണെന്ന് ബിഷപ് പറഞ്ഞു.
നിർമാണം അതിവേഗം പൂർത്തിയാക്കിയ വികാരി ഫാ. മാത്യു കൊച്ചുപുരയ്ക്കലിനെയും നിർമാണ കമ്മിറ്റിയെയും ഇടവക സമൂഹത്തെയും അഭിനന്ദിച്ചു. ഇടവകയിലെ ഭക്തസംഘടനകളുടെ ഓഫീസ് താക്കോൽ ബിഷപ് സംഘടന പ്രസിഡന്റുമാർക്ക് കൈമാറി. വികാരി ജനറാൾ മോണ്‍. പയസ് മലേക്കണ്ടത്തിൽ അധ്യക്ഷനായി. ആന്റണി ജോണ്‍ എംഎൽഎ സുവണജൂബിലിയുടെ ഭാഗമായുള്ള സ്നേഹസ്പർശം ഭവന നിർമാണ പദ്ധതിയുടെ കല്ല് മാതൃവേദിക്ക് കൈമാറി. നിർമാണ പ്രവർത്തനങ്ങളിൽ വിവിധ മേഖലകളിൽ സഹകരിച്ച വ്യക്തികളെ ആദരിച്ചു.
ജോണ്സൻ കറുകപ്പിള്ളിൽ ആമുഖ സന്ദേശം നൽകി. സൺഡേ സ്കൂൾ പ്രധാനാധ്യാപിക ജിൻസി ജോമോൻ, പിതൃവേദി പ്രസിഡന്റ് ജിജി പുളിക്കൽ എന്നിവർ പ്രസംഗിച്ചു. വെഞ്ചിരിപ്പിന് മുന്നോടിയായി ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിലിന്റെ മുഖ്യ കാർമികത്വത്തിൽ കൃതജ്ഞതാ ബലിയർപ്പിച്ചു.
വികാരി ജനറാൾ മോണ്‍. പയസ് മലേക്കണ്ടത്തിൽ, ഫോറോന വികാരി റവ.ഡോ. തോമസ് പറയിടം, ഇടവക വികാരി ഫാ. മാത്യു കൊച്ചുപുരയ്ക്കൽ, സെമിനാരി റെക്ടർ ഫാ. മാത്യു കൊച്ചുപുരയ്ക്കൽ എന്നിവർ സഹകാർമ്മികരായിരുന്നു.