കൂത്താട്ടുകുളം നഗരസഭാ ബജറ്റ് അവതരണം വിവാദത്തിൽ
1537568
Saturday, March 29, 2025 4:11 AM IST
കൂത്താട്ടുകുളം: നഗരസഭയിൽ നടന്ന ബജറ്റ് അവതരണം വിവാദത്തിൽ. മാധ്യമങ്ങളെയടക്കം മാറ്റിനിർത്തി അവതരിപ്പിച്ച ബജറ്റിന്റെ തുടക്കം മാത്രം വൈസ്പ്രസിഡന്റ് സണ്ണികുര്യാക്കോസ് വായിക്കുകയും തുടർന്ന് ചെയർപേഴ്സൺ പാസായതായി പ്രഖ്യാപിക്കുകയുമായിരുന്നു. ബജറ്റിന്റെ പകർപ്പുകൾ ആർക്കും ലഭിച്ചില്ല. ധനകാര്യകമ്മിറ്റി പാസാക്കാത്ത ബജറ്റ് ചട്ടം ലംഘിച്ചാണ് വൈസ്പ്രസിഡന്റ് അവതരിപ്പിച്ചതെന്നാണ് ആക്ഷേപം.
അതേസമയം മൂന്നു പേർ വിയോജനക്കുറിപ്പ് രേഖപ്പെടുത്തിയെന്ന് വൈസ് ചെയർമാൻ സണ്ണി കുര്യാക്കോസ് ഉൾപ്പെടെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. കരട് ബജറ്റ് പാസാക്കാൻ തയാറാകാത്ത കൗണ്‍സിലർമാർക്കെതിരെ നടപടിയെടുത്ത് അയോഗ്യരാക്കണമെന്ന് സിപിഎം ഏരിയാ സെക്രട്ടറിയും പ്രസ്താവന ഇറക്കി. ഇതൊക്കെ നിലനിൽക്കെയാണ് ഇന്നലെ ബജറ്റ് അവതരിപ്പിച്ചത്. വീണ്ടും ബജറ്റ് അവതരിപ്പിക്കണമെന്ന് ആവശ്യപ്പെട്ട യുഡിഎഫിന്റെ നേതൃത്വത്തിൽ 13 കൗണ്‍സിലർമാർ ഒപ്പിട്ട് പരാതി സെക്രട്ടറിക്ക് നൽകി.
ഇന്നലെ രാവിലെ 11നു ബജറ്റ് അവതരിപ്പിക്കാനാണ് നിശ്ചയിച്ചിരുന്നത്. മാധ്യമങ്ങളെ കയറ്റരുതെന്ന് നിർദേശം നൽകി ഹാളിന് പുറത്ത് പോലീസിനെ വിന്യസിച്ചു. സംഭവത്തിൽ യുഡിഎഫ് ശക്തമായി പ്രതിഷേധിച്ചു. ബജറ്റ് അവതരണത്തിൽ എല്ലവർക്കും പങ്കെടുക്കാനുളള അവകാശമുണ്ടെന്നും പ്രത്യേകിച്ച് മാധ്യമങ്ങൾക്ക് ഒരുതരത്തിലും വിലക്ക് ഏർപ്പെടുത്താനാകില്ലെന്നും യുഡിഎഫ് അംഗങ്ങൾ പറഞ്ഞു. നഗരസഭ സെക്രട്ടറിയും നിയമലംഘനം നടത്തിയെന്ന് പ്രതിപക്ഷ നേതാവ് പ്രിൻസ് പോൾ ജോണ്‍ കുറ്റപ്പെടുത്തി.
ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി വിയോജനകുറിപ്പ് നൽകിയെങ്കിലും അതു കിട്ടിയില്ലെന്ന് കള്ളം പറയുകയാണെന്ന് കമ്മിറ്റിയംഗങ്ങളായ സിബി കൊട്ടാരം, പി.സി. ഭാസ്കരൻ, സിപിഎം കൗണ്‍സിലർ കലാരാജു എന്നിവർ പറഞ്ഞു. കള്ളം പറഞ്ഞ് ചട്ടം ലംഘിച്ച് ബജറ്റ് അവതരിപ്പിച്ച സെക്രട്ടറിക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും യുഡിഎഫ് അംഗങ്ങൾ പറഞ്ഞു.