മരടിൽ എൽഡിഎഫ് കൗൺസിലർമാർ ബജറ്റ് രേഖകൾ കീറിയെറിഞ്ഞു
1537556
Saturday, March 29, 2025 3:45 AM IST
മരട്: മരട് നഗരസഭ ബജറ്റ് ചർച്ചയിൽ പ്രതിപക്ഷ കൗൺസിലർമാരെ സംസാരിക്കാൻ അനുവദിച്ചില്ലെന്നാരോപിച്ച് എൽഡിഎഫ് കൗൺസിലർമാർ ബജറ്റ് രേഖകൾ കൗൺസിൽ ഹാളിൽ കീറിയെറിഞ്ഞ് പ്രതിഷേധിച്ചു. തുടർന്ന് കൗൺസിൽ ബഹിഷ്കരിച്ച് മുനിസിപ്പൽ കവാടത്തിന് മുന്നിൽ ധർണ നടത്തി.
പാർലമെന്ററി പാർട്ടി ലീഡർ സി.ആർ. ഷാനവാസ് ഉദ്ഘാടനം ചെയ്തു. ദിഷാ പ്രതാപൻ അധ്യക്ഷത വഹിച്ചു. ഷീജ സാൻകുമാർ, എ.കെ. അഫ്സൽ, ഇ.പി. ബിന്ദു, സി.വി. സന്തോഷ് തുടങ്ങിയവർ പ്രസംഗിച്ചു. മുൻ വർഷങ്ങളിലെ ബജറ്റിന്റെ തനിയാവർത്തനമാണെന്നും മുൻ വർഷങ്ങളിൽ അവതരിപ്പിച്ച പദ്ധതികൾ പോലും പൂർത്തീകരിക്കാൻ കഴിഞ്ഞിട്ടില്ലെന്നും എൽഡിഎഫ് ആരോപിച്ചു.