തൃപ്പൂണിത്തുറ നഗരസഭാ ബജറ്റിൽ സാമൂഹ്യക്ഷേമത്തിനും ആരോഗ്യത്തിനും മുൻഗണന
1537550
Saturday, March 29, 2025 3:45 AM IST
തൃപ്പൂണിത്തുറ: ആരോഗ്യത്തിനും ശുചിത്വത്തിനും സാമൂഹ്യക്ഷേമത്തിനും മുൻഗണന നൽകി തൃപ്പൂണിത്തുറ നഗരസഭാ ബജറ്റ്. പാമ്പാടിത്താഴത്ത് പ്രത്യേക ഭവനസമുച്ചയ പദ്ധതി, നഗരസഭാ ബസ് ടെർമിനലിന്റെ ഡിപിആർ തയാറാക്കൽ നടപടികൾക്കായുള്ള ഭൂമി ലാൻഡ് പൂളിംഗ് മാതൃകയിൽ കണ്ടെത്തുക, ടെർമിനലിനും റോഡിനുമായി 80 കോടി രൂപ കെയുആർഡിഎഫ്സിയിൽ നിന്ന് വായ്പയെടുക്കുക എന്നിവയും ബജറ്റിൽ വിഭാവനം ചെയ്യുന്നു.
താലൂക്കാശുപത്രിയിൽ മരുന്നിനും ഡയാലിസിസിനും കണ്ടിജൻസിക്കുമായി ഒരു കോടി 10 ലക്ഷവും ഒഫ്ത്താൽമോളജിക്ക് 75 ലക്ഷവും വിവിധ എൻജിനീയറിംഗ് പ്രോജക്ടുകൾക്കായി ഒരു കോടി 80 ലക്ഷവും തൃപ്പൂണിത്തുറ യുപിഎച്ച്സി - 7,40,000 രൂപ, അയ്യമ്പിള്ളിക്കാവ് ഹോമിയോ ഡിസ്പെൻസറിക്കായി 13,20,000 രൂപയും ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്.
പ്ലാസ്റ്റിക്ക് മാലിന്യ നിർമാർജനം - ഒന്നരക്കോടി, എംസിഎഫ് നിർമാണം - ഒരു കോടി, പിഎംഎവൈ - ഒരു കോടി, മൊബൈൽ സെപ്റ്റേജ് യൂണിറ്റിനായി 95 ലക്ഷം, അത്തംവീഥി മൂന്നാം ഘട്ടത്തിനായി 83 ലക്ഷം, സ്റ്റാച്ച്യു ജംഗ്ഷന്റെ അലങ്കാര വിളക്കുകൾക്കായി 15 ലക്ഷവും എൽഇഡി ലൈറ്റുകൾ സ്ഥാപിക്കുന്നതിന് 25 ലക്ഷവും വയോജന ക്ലബുകൾക്കും വയോമിത്രം പദ്ധതിക്കും കിടപ്പുരോഗികൾക്കുമായി 52.5 ലക്ഷം,
വയോജനവിശ്രമ കേന്ദ്രങ്ങൾക്ക് 60 ലക്ഷം, അങ്കണവാടികൾക്ക് സ്ഥലം വാങ്ങുന്നതിന് 25 ലക്ഷം, പച്ചക്കറി കൃഷി പ്രോത്സാഹനത്തിന് 50 ലക്ഷം, ഓപ്പൺ ജിം പദ്ധതി 20 ലക്ഷം, കുന്നറ കമ്യൂണിറ്റി ഹാളിന് ഒരു കോടി 20 ലക്ഷം, വലിയകാട് പാലത്തിന് 25 ലക്ഷം, പെരീക്കാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിന് 45 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്.
93,62,28,710 രൂപ വരവും 85,27,57,910 രൂപ ചെലവും 8,34,70,800 രൂപ നീക്കിയിരിപ്പുള്ള ബജറ്റ് നഗരസഭ വൈസ് ചെയർമാൻ കെ.കെ. പ്രദീപ് കുമാർ അവതരിപ്പിച്ചു. നഗരസഭാധ്യക്ഷ രമ സന്തോഷ് അധ്യക്ഷത വഹിച്ചു.