കുടിവെള്ളക്ഷാമം : വാട്ടർ അഥോറിറ്റി ഉദ്യോഗസ്ഥരെ ഉപരോധിച്ചു
1537549
Saturday, March 29, 2025 3:45 AM IST
മരട്: മരട് നഗരസഭയുടെ വിവിധ പ്രദേശങ്ങളിലെ കുടിവെള്ളക്ഷാമത്തെ തുടർന്ന് നഗരസഭാ അധ്യക്ഷന്റെ നേതൃത്വത്തിൽ വാട്ടർ അഥോറിറ്റി അധികൃതരെ ഉപരോധിച്ചു.
മരട് നഗരസഭയുടെ എട്ടാം ഡിവിഷന്റെയും മൂന്നാം ഡിവിഷന്റെയും അതിർത്തിയിലുള്ള ഉപാസന റോഡിൽ കഴിഞ്ഞ ഒരാഴ്ചയിലേറെയായി കുടിവെള്ളമെത്താത്തതിനെ തുടർന്ന് വാട്ടർ അഥോറിറ്റി അധികൃതരെ അറിയിച്ചിട്ടും നടപടി സ്വീകരിക്കാത്ത സാഹചര്യത്തിലായിരുന്നു പ്രതിഷേധം.
മുനിസിപ്പൽ ചെയർമാൻ ആന്റണി ആശാംപറമ്പിലിന്റെ നേതൃത്വത്തിൽ വാട്ടർ അഥോറിറ്റി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറേയും അസി. എൻജിനീയറേയും ജനപ്രതിനിധികൾ ഉപരോധിക്കുകയായിരുന്നു.
അടിയന്തരമായി നടപടി സ്വീകരിക്കാമെന്ന ഉദ്യോഗസ്ഥരുടെ ഉറപ്പിൻമേൽ പിന്നീട് ഉപരോധം പിൻവലിച്ചു.