കല്ലൂർക്കാട് ബഡ്സ് സ്കൂൾ തുടങ്ങാൻ ഓംബുഡ്സ്മാൻ നിർദേശം
1537276
Friday, March 28, 2025 4:24 AM IST
കല്ലൂർക്കാട്: പഞ്ചായത്തിലെ ബഡ്സ് സ്കൂൾ ഉടൻ തുടങ്ങാൻ ഓംബുഡ്സ്മാൻ നിർദേശം. പഞ്ചായത്ത് സ്ഥാപനങ്ങൾക്ക് വേണ്ടിയുള്ള ഓംബുഡ്സ്മാന് മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോസ് അഗസ്റ്റിൻ നൽകിയ പരാതി പരിഗണിച്ചാണ് തീരുമാനം. പഞ്ചായത്തിന് വൻ കടബാധ്യതയുണ്ടെന്ന പഞ്ചായത്ത് അധികൃതരുടെ സാങ്കേതിക തടസം പരിഗണിക്കാതെ മാനേജ്മെന്റ് കമ്മിറ്റി രൂപീകരിച്ച് ഫണ്ട് കണ്ടെത്തണമെന്ന നിർദേശമാണ് ഓംബുഡ്സ്മാൻ നൽകിയിട്ടുള്ളത്.
ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത്, സന്നദ്ധ സംഘടനകൾ തുടങ്ങിയവയുടെ സഹായധനവും വിവിധ സ്ഥാപനങ്ങളുടെ സിഎസ്ആർ ഫണ്ടും സ്വീകരിച്ച് സ്കൂൾ തുടങ്ങണമെന്നും ഓംബുഡ്സ്മാൻ തീർപ്പു കൽപ്പിച്ചു.
പരാതി നൽകിയ ജോസ് അഗസ്റ്റിനും ബഡ്സ് സ്കൂൾ ആരംഭിക്കാൻ പദ്ധതി തയാറാക്കിയ മുൻ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് ഫ്രാൻസിസ് തെക്കേക്കരയും ഇന്നലെ എറണാകുളത്ത് നടത്തിയ ഓംബുഡ്സ്മാൻ മുന്പാകെ ഹാജരായി. പഞ്ചായത്തിനു വേണ്ടി പ്രസിഡന്റ് സുജിത് ബേബി, അസിസ്റ്റന്റ് സെക്രട്ടറി കെ.എൻ ശ്രീകുമാർ എന്നിവരും എത്തിയിരുന്നു.
മൂന്നു വർഷം മുന്പ് ബ്ലോക്ക് പഞ്ചായത്ത് സ്കൂൾ ആരംഭിക്കുന്നതിന് കെട്ടിട സൗകര്യം ഒരുക്കി വാടക രഹിതമായി നൽകിയെങ്കിലും സ്കൂൾ ആരംഭിച്ചിരുന്നില്ല. കല്ലൂർക്കാട് പഞ്ചായത്തിൽ ലഭ്യമായ രേഖകൾ അനുസരിച്ച് 14 കുട്ടികളാണ് ബഡ്സ് സ്കൂളിൽ എത്താനുള്ളത്. ഒരു അധ്യാപികയും ഒരു ആയയുമാണ് നിയമപ്രകാരം ഇവിടേക്ക് ആവശ്യമുള്ളത്. കുട്ടികൾക്കായി വാഹന സൗകര്യവും ഒരുക്കണം.
രൂപീകരിക്കപ്പെടുന്ന മാനേജ്മെന്റ് കമ്മിറ്റി പ്രാരംഭ ചെലവുകൾക്കുള്ള തുക കണ്ടെത്തണം. സമീപ പഞ്ചായത്തുകളിൽ നിന്നുള്ള കുട്ടികളെ ആവശ്യമെങ്കിൽ അതതു പഞ്ചായത്തുകളി നിന്ന് ഫണ്ടു വിഹിതം വാങ്ങി പ്രവേശിപ്പിക്കാം. സ്കൂൾ പ്രവർത്തനം കാര്യക്ഷമമാകുന്നതനുസരിച്ച് സർക്കാർ സഹായധനവും ബഡ്സ് സ്കൂളിനു ലഭിക്കും.