സ്വയം പ്രതിരോധ പരിശീലന പരിപാടി
1537267
Friday, March 28, 2025 4:16 AM IST
കൊച്ചി: അങ്കമാലി മേരി മാതാ പ്രോവിന്സിന്റെ സാമൂഹിക പ്രവര്‍ത്തന വിഭാഗമായ വിന്‍സെന്‍ഷ്യന്‍ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ അങ്കണവാടി പ്രവര്‍ത്തകര്‍ക്കായി സ്വയം പ്രതിരോധ പരിശീലന പരിപാടി നടത്തി.
ജനകീയ പോലീസിംഗ് പദ്ധതിക്കു കീഴില്‍ കേരളാ പോലീസ് നടപ്പാക്കി വരുന്ന സ്വയം പ്രതിരോധ പരിശീലന പരിപാടിയാണിത്. അങ്കമാലി സിവില്‍ സ്റ്റേഷന് പ്രോഗ്രാം ഹാളില്‍ നടന്ന പരിശീലന പരിപാടി അങ്കമാലി ഐസിഡിഎസ് ഓഫീസര്‍ സായാഹ്ന ഉദ്ഘാടനം ചെയ്തു.അയ്യമ്പുഴ എഎസ്ഐ കെ.ഒ. റോസ്,
ആലുവ ക്രൈംബ്രാഞ്ച് സീനിയര്‍ പോലീസ് ഓഫീസര്‍ കെ.എം. ബിജി , കോതമംഗലം ക്രൈംബ്രാഞ്ച് സീനിയര്‍ പോലീസ് ഓഫീസര്‍ എം.എം. അമ്പിളി എന്നിവര്‍ നേതൃത്വം നല്കി. വിവിധ വ്യായാമങ്ങള്‍, പ്രതിരോധ മാര്‍ഗങ്ങള്‍, സൈബര്‍ കുറ്റകൃത്യങ്ങള്‍, മയക്കുമരുന്ന് ഉപയോഗം, പോക്സോ നിയമങ്ങള്‍, കുട്ടികളോടുള്ള ക്രൂരതകള്‍ എന്നിവയടക്കമുള്ള വിഷയങ്ങളും വിശദമായി ചര്‍ച്ച ചെയ്തു.
82 അങ്കണവാടി പ്രവര്‍ത്തകര്‍ പരിപാടിയില്‍ പങ്കുചേര്‍ന്നു. മേരി മാതാ പ്രോവിന്സിന്റെ സോഷ്യല്‍ വര്‍ക്ക് ഡയറക്ടർ ഫാ. ഡിബിന്‍ പെരിഞ്ചേരി, വിഎസ്എസ് സോഷ്യല്‍ വര്‍ക്കര്‍ ജോസഫീന എന്നിവര്‍ പ്രസംഗിച്ചു.