വിദേശജോലി വാഗ്ദാനം ചെയ്ത് പണം തട്ടിപ്പ്; ഒരാൾ അറസ്റ്റിൽ
1536820
Thursday, March 27, 2025 4:16 AM IST
ചോറ്റാനിക്കര: വിദേശത്ത് ജോലി വാങ്ങി നൽകാമെന്ന് പറഞ്ഞ് പണം തട്ടിയയാളെ പോലീസ് പിടികൂടി. കോഴിക്കോട് വടകര നെടുംപറമ്പ് സറീന മൻസിലിൽ മുനീറി(45) നെയാണ് ചോറ്റാനിക്കര പോലീസ് അറസ്റ്റ് ചെയ്തത്. കണയന്നൂർ എരുവേലി പാറേപ്പറമ്പ് വീട്ടിൽ ഷീബ(56)യുടെ പരാതിയിലാണ് അറസ്റ്റ്.
ഷീബയുടെ മകൾക്ക് ദുബൈയിൽ ജോലി വാങ്ങി നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 2024 ജൂൺ 8 മുതൽ നവംബർ 29 വരെയുള്ള വിവിധ ദിവസങ്ങളിലായി 1,42,500 രൂപ വാങ്ങുകയായിരുന്നു.
ജോലി നൽകാതെ വന്നതിനെ തുടർന്ന് പണം തിരികെ ആവശ്യപ്പെട്ടെങ്കിലും ലഭിക്കാതായതോടെ കഴിഞ്ഞ ഫെബ്രുവരി 10ന് ചോറ്റാനിക്കര പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കഴിഞ്ഞ ദിവസം കോഴിക്കോട് നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്ത്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. മാല മോഷണം, വിസ തട്ടിപ്പ് തുടങ്ങി ഒട്ടേറെ കേസുകൾ ഇയാളുടെ പേരിൽ മറ്റു സ്റ്റേഷനുകളിലുണ്ടെന്ന് പോലീസ് പറഞ്ഞു.