നിയമലംഘനം പതിവുകാഴ്ച; ചീറിപ്പാഞ്ഞ് സ്വകാര്യ ബസുകള്‍
1496565
Sunday, January 19, 2025 7:03 AM IST
കൊച്ചി: പോലീസ് പരിശോധനകള്‍ക്കിടയിലും റോഡ് നിയമങ്ങള്‍ കാറ്റില്‍പ്പറത്തി നഗരത്തില്‍ സ്വകാര്യ ബസുകള്‍ കുതിക്കുന്നു. തിരക്കുള്ള സമയങ്ങളിലടക്കം അമിത വേഗതയിലാണ് ബസുകള്‍ സര്‍വീസ് നടത്തുന്നത്.
യാത്രക്കാര്‍ ബസ് ജീവനക്കാരോട് നേരിട്ട് പരാതി പറഞ്ഞിട്ടും വേഗത കുറയ്ക്കാനോ നിയമലംഘനങ്ങള്‍ അവസാനിപ്പിക്കാനോ പല ബസുകളും തയാറായിട്ടില്ല. ഇതിനിടെ പോലീസ് അലക്ഷ്യമായി വാഹനം ഓടിക്കുന്ന ബസ് ഡ്രൈവര്‍മാര്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടും മദ്യപിച്ചും അപകടകരമായ രീതിയിലും വാഹനം ഓടിക്കുന്നവര്‍ നിരവധിയാണ്.
ട്രാഫിക് സിഗ്നലുകളില്‍ വാഹനം കുത്തിക്കയറ്റുക, ബസിന്റെ ഡോറില്‍ അടിച്ചും, നിർത്താതെ ഹോണ്‍ മുഴക്കിയും ഭീകരാന്തരീക്ഷം സൃഷ്ടിക്കല്‍ എന്നിവയും ജീവനക്കാരുടെ ഭാഗത്ത് നിന്ന് സ്ഥിരം കാഴ്ചയാണ്. മത്സരയോട്ടം നടത്തുന്നതിനിടെ പലപ്പോഴും ബസ് സ്റ്റോപ്പില്‍ നിന്നു മാറിയാണ് നിർത്തുന്നതും. കാല് വാതില്‍പ്പടിയിലേക്ക് എടുത്തു വയ്ക്കുമ്പോഴേക്കും വാഹനം എടുക്കുന്നതും പതിവാണ്. സ്കൂള്‍ വിദ്യാര്‍ഥികള്‍, സ്ത്രീകള്‍, പ്രായമായവര്‍ തുടങ്ങിയവര്‍ക്ക് ഇതു ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. ലഹരി വസ്തുക്കള്‍ ഉപയോഗിച്ച ശേഷം ഡ്രൈവിംഗ് നടത്തുന്നുണ്ടെന്ന പരാതിയും വ്യാപകമാണ്.
അടയ്ക്കാത്ത വാതിലുകള്‍
സ്വകാര്യ ബസുകളില്‍ ഡ്രൈവര്‍ക്ക് ഓപ്പറേറ്റ് ചെയ്യാന്‍ കഴിയുംവിധം എയര്‍ഡോര്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടും നഗരത്തില്‍ ഒടുന്ന ചുരുക്കം ചില ബസുകളാണ് ഇത്തരത്തില്‍ വാതില്‍ അടച്ച് സര്‍വീസ് നടത്തുന്നത്. യാത്രക്കാര്‍ക്ക് തുറക്കാനാകും വധമുള്ള പഴയ ഡോര്‍ ഘടിപ്പിച്ച ബസുകളുമുണ്ട് സര്‍വീസ് നടത്തുന്നവയില്‍.
ഇവ ഒഴിവാക്കിയിട്ടും ഇത്തരം വാഹനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ മോട്ടോര്‍ വാഹനവകുപ്പും തയാറാകുന്നില്ല. എയര്‍ഡോര്‍ ഘടിപ്പിച്ച ബസുകളില്‍ ചിലതില്‍ ഇവ വേണ്ടവിധം പ്രവര്‍ത്തിക്കുന്നുമില്ല.
നിയമലംഘനം അനുവദിക്കില്ല: കളക്ടര്‍
സ്വകാര്യ ബസുകളുടെ നിയമലംഘനം അനുവദിക്കില്ലെന്ന് വ്യക്തമാക്കിയ കളക്ടര്‍ വിവിധ പരാതികളില്‍ കര്‍ശന നടപടികള്‍ കൈക്കൊള്ളാനും നിര്‍ദേശിച്ചു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാ റീജണല്‍ ട്രാന്‍സ്പോര്‍ട്ട് അഥോറിറ്റി യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് കളക്ടറുടെ പ്രതികരണം.
കോതമംഗം പെരുമ്പാവൂര്‍ റൂട്ടില്‍ ഓടുന്ന രണ്ടു ബസുകള്‍ അലക്ഷ്യമായും അശ്രദ്ധമായും ഓടുന്നു എന്ന പരാതിയില്‍ വണ്ടി ഓടിച്ചവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്കിയ കളക്ടര്‍ വൈറ്റില-വൈറ്റില സര്‍ക്കുലര്‍ ബസുകളുടെ റൂട്ട് തിരിച്ചു വിടുന്നതുമായി ബന്ധപ്പെട്ട വിഷയത്തിലും നടപടികള്‍ക്ക് നിര്‍ദേശം നല്കി. എറണാകുളം, മൂവാറ്റുപുഴ ആര്‍ടിഎ പരിധിയിലെ സ്റ്റേറ്റ് കാര്യേജുകളുടെ പെര്‍മിറ്റ് പുതുക്കല്‍, പെര്‍മിറ്റ് പുനക്രമീകരണം, പുതിയ പെര്‍മിറ്റ് അനുവദിക്കല്‍, പെര്‍മിറ്റ് കൈമാറ്റം തുടങ്ങിയ വിഷയങ്ങള്‍ പരിഗണിച്ചു. ആകെ 150 അപേക്ഷകള്‍ ലഭിച്ചു. പുതിയ പെര്‍മിറ്റ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട 35 അപേക്ഷകള്‍ പരിഗണിച്ചു.