ചിലവന്നൂർ റോഡ് കൈയേറ്റം ഒഴിപ്പിക്കൽ: ഭരണ-പ്രതിപക്ഷ തർക്കത്തിലേയ്ക്ക്
1496264
Saturday, January 18, 2025 4:46 AM IST
മരട്: കുണ്ടന്നൂർ-ചിലവന്നൂർ റോഡിലെ കൈയേറ്റം ഒഴിപ്പിക്കാനെത്തിയ ഉദോഗസ്ഥരെ സിപിഎം കൗൺസിലർമാർ തടഞ്ഞതായി ആക്ഷേപം. സിപിഎമ്മിന്റെ നേതൃതത്തിലുള്ള എകെജി വായനശാല ഒഴിപ്പിക്കാനെത്തിയ ഉദ്യോഗസ്ഥരെ സിപിഎം കൗൺസിലർമാരുടെ നേതൃത്വത്തിൽ തടയുകയായിരുന്നുവെന്ന് പറയുന്നു.
ഈ നടപടി ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്നും കൂടുതൽ പോലീസിനെ ഉപയോഗിച്ച് വീണ്ടും ഒഴിപ്പിക്കൽ നടത്തുമെന്നും വേണ്ടി വന്നാൽ കോടതിയെ സമീപിക്കുമെന്നും നഗരസഭ ചെയർമാൻ ആന്റണി ആശാംപറമ്പിൽ അറിയിച്ചു. അതേസമയം റോഡ് നിർമാണത്തിന്റെ പേരിൽ നഗരസഭാ രാഷ്ട്രീയ പകപോക്കൽ നടത്തുകയാണെന്ന് സിപിഎം പറഞ്ഞു.
സിഐടിയു വിശ്രമ കേന്ദ്രം, ടി.കെ.രാമകൃഷ്ണൻ വായനശാല, എന്നിവ നീക്കം ചെയ്യുകയും എകെജി വായനശാലയുടെ ഒരു ഭാഗം പിഡബ്ല്യുഡി അലൈൻമെന്റ് പ്രകാരം നീക്കം ചെയ്തു നൽകിയതായും പ്രതിപക്ഷ നേതാവ് സി.ആർ. ഷാനവാസ് പറഞ്ഞു.
റോഡ് ടാറിംഗ് ആറു മീറ്റർ ആണെന്നിരിക്കെ ഇതിന് ശേഷമുള്ള ഒന്നര മീറ്റർ കൂടി നീക്കം ചെയ്ത് വായനശാല പൂർണമായും പൊളിച്ച് നീക്കാനാണ് ശ്രമമെന്നും നഗരസഭയുടെ ഏകപക്ഷീയ നിലപാടിനെതിരെ പ്രക്ഷോഭ പരിപാടികൾക്ക് നേതൃത്വം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.