ആശ്രമംകുന്ന്-ചാലിക്കടവ് റോഡ് ബിഎംബിസി നിലവാരത്തിൽ ടാറിംഗ് പൂർത്തീകരിച്ചു
1496003
Friday, January 17, 2025 4:13 AM IST
മൂവാറ്റുപുഴ: ആശ്രമംകുന്ന് - ചാലിക്കടവ് റോഡ് ബിഎംബിസി നിലവാരത്തിൽ ടാറിംഗ് പൂർത്തീകരിച്ച് ഗതാഗതത്തിന് തുറന്നുകൊടുത്തു. മൂവാറ്റുപുഴ നഗര വികസനം പൂർത്തീകരിക്കുന്പോൾ ഇതിനോട് അനുബന്ധമായ നഗര റോഡുകളും ബിഎംബിസി നിലവാരത്തിലേക്ക് ഉയർത്തുകയെന്നതാണ് ലക്ഷ്യമിടുന്നതെന്ന് മാത്യു കുഴൽനാടൻ എംഎൽഎ പറഞ്ഞു.
മൂവാറ്റുപുഴ നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന് ഏറെ സഹായകരമായ റോഡാണിത്. കോതമംഗലത്തുനിന്നും തൊടുപുഴ, കോട്ടയം, പിറവം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾക്ക് നഗരത്തിൽ പ്രവേശിക്കാതെ തിരക്കുകൾ ഒഴിവാക്കി പോകുന്നതിന് ഈ റോഡ് ഗുണകരമാണ്. അമൃത് കുടിവെള്ള വിതരണ പദ്ധതിയുടെ പൈപ്പ് ലൈനുകൾ സ്ഥാപിക്കുന്നതിന്റെ ഭാഗമായി ജല അഥോറിറ്റി റോഡ് വെട്ടിപ്പൊളിക്കുകയും തുടർന്ന് ഇതിലൂടെയുള്ള യാത്ര ഏറെ ദുഷ്കരമായ അവസ്ഥയിലുമായിരുന്നു.
ഈ വഴിയുള്ള യാത്രക്കാരുടെ സൗകര്യവും ആശുപത്രിയുടെ സാമീപ്യവും പരിഗണിച്ച് ആശ്രമംകുന്ന് റോഡിന്റെ നിർമാണ പ്രവർത്തനങ്ങൾ ഏറെയും രാത്രികാലങ്ങളിലാണ് നിർവഹിച്ചത്. ഭാരമേറിയ വാഹനങ്ങൾ കടന്നുപോകുന്പോൾ അടിക്കടി ജല അഥോറിറ്റി പൈപ്പ് ലൈനുകൾ പൊട്ടി വെള്ളം ഒഴുകിക്കൊണ്ടിരുന്ന സ്ഥിതികൾ ഒഴിവാക്കുന്നതിനായി ഈ ഭാഗത്തെ പൈപ്പുകൾ പരമാവധി താഴ്ത്തിയിട്ടാണ് നിർമാണ പ്രവർത്തികൾ പൂർത്തീകരിച്ചത്.
റോഡിന്റെ ഇരുവശങ്ങളിലും ഐറിഷ്-ഡ്രെയിനേജ് വർക്കുകൾ, റോഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുള്ള സൈൻ ബോർഡുകൾ, സ്പീഡ് ബ്രേക്കർ, സീബ്രാ ലൈൻ എന്നിവ തുടർ ദിവസങ്ങളിൽ സ്ഥാപിക്കുമെന്നും എംഎൽഎ അറിയിച്ചു.