ആലങ്ങാട്, കരുമാലൂർ, വരാപ്പുഴ പഞ്ചായത്തുകളിൽ ലഹരിസംഘങ്ങൾ വിലസുന്നു
1496558
Sunday, January 19, 2025 6:54 AM IST
ആലങ്ങാട്: ആലങ്ങാട് , കരുമാലൂർ, വരാപ്പുഴ എന്നീ പഞ്ചായത്തുകളിലെ ഇടറോഡുകളിലും ആളൊഴിഞ്ഞ പറമ്പുകളിലും രാത്രി കാലങ്ങളിൽ ലഹരിസംഘങ്ങളുടെ ശല്യം രൂക്ഷമാകുന്നതായി വ്യാപകപരാതി.
പോലീസ്- എക്സൈസ് പരിശോധന കാര്യക്ഷമമല്ലെന്നു നാട്ടുകാർ. കഴിഞ്ഞ കുറച്ചു മാസങ്ങൾക്കിടെ പുതുക്കാട്, മനയ്ക്കപ്പടി, മാഞ്ഞാലി, തത്തപ്പിള്ളി, പടിഞ്ഞാറെ കൈതാരം, മഹിളപ്പടി, കരിങ്ങാംതുരുത്ത്, എഴുവച്ചിറ,തിരുവാലൂർ, ആലങ്ങാട്, ഒളനാട്, കൂനമ്മാവ്, പുത്തൻ പള്ളി എന്നിവിടങ്ങളിലെല്ലാം ലഹരി സംഘത്തിന്റെ ആക്രമണങ്ങൾ നടന്നിരുന്നു. പലയിടത്തും അടിക്കടി നടക്കുന്ന ആക്രമണവും റോഡരികിൽ ലഹരിസംഘങ്ങൾ കൂട്ടമായി നിൽക്കുന്നതും മൂലം ജനങ്ങൾ ഭീതിയിലാണ്.
വീടുകയറിയുള്ള ആക്രമണങ്ങൾ മുതൽ ആളെ കുത്തി പരിക്കേൽപ്പിച്ച സംഭവങ്ങൾ വരെ നടന്നിട്ടുണ്ട്. ലഹരി സംഘങ്ങളുടെ ആക്രമണങ്ങളെ പേടിച്ച് ഇവർക്കെതിരെ രൂപീകരിച്ച കൂട്ടായ്മകൾ വരെ പ്രവർത്തിക്കാത്ത അവസ്ഥയാണിപ്പോൾ.
ഇടറോഡുകളിൽ തമ്പടിക്കുന്ന ഇവർ കാൽനട യാത്രക്കാർക്കും സ്ത്രീകൾക്കും ശല്യമായി തീർന്നിരിക്കയാണെന്നു പരാതിയുണ്ട്. പറവൂർ ചേന്ദമംഗലത്തു മൂന്നു പേരെ വീടുകയറി തലയ്ക്കടിച്ചു കൊന്നസംഭവത്തോടെ ജനം ഭീതിയിലാണ്.
ലഹരിസംഘങ്ങൾക്കെതിരെ ആരും പ്രതികരിക്കാത്തതും രാത്രി കാലങ്ങളിൽ പോലീസ് പട്രോളിംഗ് ഇല്ലാത്തതുമാണു ലഹരിസംഘങ്ങളുടെ ശല്യത്തിനു കാരണമെന്നും ഈ അവസരം മുതലാക്കിയാണു ഇവർ ഇടറോഡുകളിലും ഒഴിഞ്ഞ പറമ്പുകളിലുമെത്തി ലഹരി ഉപയോഗിക്കുന്നതും ചെറുപൊതികളിലാക്കി ലഹരി വിൽപന നടത്തുന്ന തെ ന്നും നാട്ടുകാർ പറഞ്ഞു.
ലഹരി ഉപയോഗിക്കാൻ വേണ്ടി ഇത്തരം സംഘങ്ങൾ മോഷണങ്ങൾ നടത്തുന്നതായും പരാതി ഉയർന്നിട്ടുണ്ട്. ലഹരിസംഘങ്ങൾക്കെതിരെ പരാതി ഉയരുന്നുണ്ടെങ്കിലും പോലീസ്, എക്സൈസ് അധികൃതർ കൃത്യമായി ഇടപെടുന്നില്ലെന്ന ആക്ഷേപമുണ്ട്.