സമ്പൂര്‍ണ റോഡ് നിയമ സാക്ഷര നഗരമാകാന്‍ കൊച്ചി
1496260
Saturday, January 18, 2025 4:46 AM IST
കൊച്ചി: റോഡ് അപകടങ്ങളെ ഫലപ്രദമായി നേരിടുന്ന പദ്ധതിക്ക് കൊച്ചി കോര്പറേഷന് തുടക്കംകുറിച്ചു. പദ്ധതിയുടെ ഉദ്ഘാടനം എറണാകുളം ഗവ. ഗേള്‍സ് എച്ച്എസ്എസില്‍ മേയര്‍ എം. അനില്‍കുമാര്‍ നിര്‍വഹിച്ചു. സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പിന്റെ സഹകരണത്തോടെ എസ്സിഎംഎസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റോഡ് സേഫ്റ്റി ആന്‍ഡ് ട്രാന്‍സ്പോര്‍ട്ടേഷന്റെ സാങ്കേതിക സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
റോഡ് സുരക്ഷാ നിയമങ്ങള്‍ പാലിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി ഉൾപ്പെടെ ബോധവത്കണ പരിപാടി സംഘടിപ്പിക്കുകയാണ് ആദ്യഘട്ടം. ഇത് ആറു മാസം നീണ്ടുനില്‍ക്കും. പദ്ധതിയിലൂടെ നഗരത്തെ സമ്പൂർണ റോഡ് നിയമ സാക്ഷര നഗരമാക്കി മാറ്റുകയാണ് ലക്ഷ്യം.
ഉദ്ഘാടന ചടങ്ങിൽ നഗരസഭാ സ്ഥിരംസമിതി അധ്യക്ഷന്‍ പി.ആര്. റെനീഷ് അധ്യക്ഷത വഹിച്ചു. ജില്ലാ ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട് കമ്മീഷണര്‍ അനൂപ് വര്‍ക്കി മുഖ്യാതിഥിയായിരുന്നു. റീജണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ ടി.എം. ജെര്‍സണ്‍, എസ്സിഎംഎസ് ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്‍സ് ഗ്രൂപ്പ് ഡയറക്ടര്‍ ഡോ. സി.ജെ. പ്രവീണ്‍ സാല്, എസ്സിഎംഎസ് ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്‍സ് ഡെപ്യൂട്ടി ഡയറക്ടര്‍ പ്രദീക് നായര്‍ എന്നിവര്‍ ചടങ്ങില്‍ വിശിഷ്ടാതിഥികളായി.
നഗരത്തിലെ പ്രധാനപ്പെട്ട പരിസ്ഥിതി ലോല പ്രദേശമായ മംഗളവനം മുതല്‍ ദര്‍ബാര്‍ ഹോള്‍ വരെയുള്ള പ്രദേശത്തെ മോട്ടോര്‍ വാഹന വകുപ്പ്, പോലീസ്, പൊതുമരാമത്ത് വകുപ്പ്, കൊച്ചിന് സ്മാര്‍ട്ട് മിഷന് ലിമിറ്റഡ് എന്നിവരുടെ സഹകരണത്തോടെ സൈലന്റ് സോണായി പ്രഖ്യാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്ന് മേയര്‍ പറഞ്ഞു.
വാഹനത്തിന്റെ സാങ്കേതികതയും പരിമിതികളും ബോധ്യപ്പെടുത്തുന്നതിനായുള്ള പരിശീലന ക്ലാസും നടന്നു.