പിറവത്ത് മോഷണം നടത്തിയ നാടോടി സംഘം പിടിയിൽ
1496269
Saturday, January 18, 2025 5:01 AM IST
പിറവം: പാഴൂർ ചേറാലപ്പടിയിൽ ആളില്ലാത്ത വീടുകളിൽ നിന്ന് മോഷണം നടത്തിയ നാടോടി സംഘം പോലീസ് പിടിയിലായി. നാല് സ്ത്രീകളുൾപ്പെട്ട സംഘത്തെ നാട്ടുകാർ തടഞ്ഞുവച്ച് പോലീസിലേൽപ്പിക്കുകയായിരുന്നു.
ചേറാലപ്പടിയിൽ വെള്ളിയാഴ്ച വൈകിട്ട് മൂന്നോടെയാണ് സംഭവം. വീടുകൾ കയറിയിറങ്ങി ആക്രി സാധനങ്ങൾ ശേഖരിച്ച സംഘം ആൾ താമസമില്ലാത്ത വീടുകളിൽ നിന്ന് വിലപിടിപ്പുള്ള സാധനങ്ങളും തട്ടിയെടുത്തു. ചെറുതരം പാത്രങ്ങളും വാഹനങ്ങളുടെ ഭാഗങ്ങളുമാണ് സംഘം കൈക്കലാക്കിയത്.
യാക്കോബായ കോൺഗ്രിഗേഷൻ ദേവാലയത്തിന്റെ പാഴൂർ ചാപ്പലിൽ നിന്നും പൈപ്പുകളും മുത്തുക്കുടകളുടെ ഭാഗങ്ങളടക്കമുള്ള സാധനങ്ങളും നാടോടി സ്തീകൾ തട്ടിയെടുത്തു. പാഴൂർ നമ്പൂരിമലയിൽ ജോസിന്റെ വീട്ടിൽനിന്ന് വില പിടിപ്പുള്ള സാധനങ്ങൾ മോഷ്ടിക്കുന്നത് ജോസും വീട്ടുകാരും ന്യൂസിലൻഡിലിരുന്ന് കണ്ടു.
അവർ ഇക്കര്യം നഗരസഭാ കൗൺസിലർ വത്സല വർഗീസിനെ വിളിച്ച് അറിയിച്ചു കൗൺസിലർ ചിത്രങ്ങൾ ഡിവിഷനിലെ വാട്ട്സാപ്പ് ഗ്രൂപ്പുകളിൽ പങ്കുവച്ചു. നാട്ടുകാർ പരിശോധന നടത്തുന്നതിനിടയിലാണ് പെട്ടി ഓട്ടോയിൽ സാധനങ്ങളുമായി കടന്നുകളയാൻ ശ്രമിച്ച സംഘം പിടിയിലായത്. വിവരമറിഞ്ഞ് പോലീസും സ്ഥലത്തെത്തി. നാടോടി സംഘത്തിൽ നിന്നും വിലപിടിപ്പുള്ള സാധനങ്ങൾ ഉടമകൾ കണ്ടെടുത്തു.