ആക്രമണം ഇരുമ്പു പൈപ്പ് ഉപയോഗിച്ച് : കൊല്ലപ്പെട്ടവരുടെ തലയില്‍ ആഴത്തില്‍ മുറിവ്
1496248
Saturday, January 18, 2025 4:35 AM IST
കൊച്ചി: ഇരുമ്പു പൈപ്പ് ഉപയോഗിച്ചാണ് പ്രതി ഋതു ആക്രമണം നടത്തിയത്. വീട്ടിലേക്ക് അതിക്രമിച്ചെത്തി വാക്കേറ്റം നടക്കുന്നതിനിടെ ആക്രമണം നടത്തുകയായിരുന്നു. ജിതിന് ബോസിനെ ലക്ഷ്യം വച്ചാണ് പ്രതി എത്തിയതെങ്കിലും തടയാനെത്തിയ വേണുവിനെയും ഭാര്യ ഉഷ, മകള്‍ വിനീഷ എന്നിവരെയും ക്രൂരമായി ആക്രമിക്കുകയായിരുന്നു.
വിനീഷയാണ് ആദ്യം വീടിന് പുറത്തെത്തിയത്. ഇവരെ തലയ്ക്കടിച്ച് വീഴ്ത്തിയതിന് പിന്നാലെ പുറത്തെത്തിയ ജിതിനെ തലയ്ക്കടിക്കുകയും കത്തിക്കൊണ്ട് കുത്തി പരിക്കേല്‍പ്പിക്കുകയുമായിരുന്നു. ഈ ബഹളം കേട്ടാണ് വേണുവും ഭാര്യയും എത്തിയത്. ഇവരെയും തലയ്ക്കടിച്ച് ആക്രമിച്ച പ്രതി ജിതിന്റെ സ്കൂട്ടറിലാണ് സംഭവസ്ഥലത്തുനിന്ന് കടന്നു കളഞ്ഞത്.
കുട്ടികളുടെ അലമുറ കേട്ടെത്തിയ ജിതിന്റെ സുഹൃത്തുക്കളാണ് നാലു പേരെയും ആശുപത്രിയില്‍ എത്തിച്ചത്. ചോരയില്‍ കുളിച്ച് തല പിളര്‍ന്ന നിലയില്‍ വീടിന്റെ ഹാളിലാണ് നാലുപേരും കിടന്നിരുന്നത്. അക്രമി ഇരുമ്പുവടിയുമായി അയല്‍ വീട്ടിലേക്ക് പോകുന്നതു കണ്ട ഇയാളുടെ മാതാവ് പിടിച്ചുമാറ്റാന്‍ ശ്രമിച്ചെങ്കിലും ഇവരെ പുറത്താക്കി വാതിലുകള്‍ അടച്ച ശേഷമാണ് അക്രമണം നടത്തിയതെന്നാണ് വിവരം.
കൊല്ലപ്പെട്ടവരുടെ തലയില്‍ ആഴത്തില്‍ മുറിവുണ്ടെന്നാണ് എഫ്ഐആറിലുള്ളത്. വേണുവിന്റെ തലയില്‍ ആറു തവണ അടിയേറ്റേന്നും ആറ് മുറിവുകള്‍ ഇന്‍ക്വസ്റ്റില്‍ കണ്ടെത്തിയെന്നും പോലീസ് പറഞ്ഞു.
കൊല്ലപ്പെട്ട വിനീഷയുടെ തലയില്‍ എട്ട് സെന്റീ മീറ്റര്‍ നീളത്തിലാണ് മുറിവുള്ളത്. ഉഷയുടെ തലയില്‍ മൂന്നിടത്ത് മുറിവുകളുണ്ട്. കൊല്ലപ്പെട്ട മൂന്നു പേര്‍ക്കും കഴുത്തിന് മുകളിലേക്ക് മാത്രമാണ് പരിക്കേറ്റിട്ടുള്ളത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഗുരുതരാവസ്ഥയിലാണ് ജിതിന്. ചികിത്സയ്ക്ക് ധരാളം പണം ആവശ്യമായി വന്നതിനാല്‍ സഹായം തേടി ചേന്ദമംഗലം പഞ്ചായത്ത് ധനസമാഹരണം ആരംഭിച്ചിട്ടുണ്ട്.