പോക്സോ കേസ് പ്രതിയെ പോലീസ് സംരക്ഷിക്കുന്നുവെന്ന്
1496544
Sunday, January 19, 2025 6:46 AM IST
നെടുമ്പാശേരി : നാല് വയസുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ സിപിഎം നേതാവിനെ പോലീസ് സംരക്ഷിക്കുകയാണെന്ന് ആക്ഷേപം ശക്തമാകുന്നു. സിപിഎം പ്രാദേശിക നേതാവായ മാഞ്ഞാലി സ്വദേശിക്കെതിരേയാണ് നാല് ദിവസം മുൻപ് ചെങ്ങമനാട് പോലീസ് പോക്സോ വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തത്.
ഇയാളുടെ മകന്റെ കൂട്ടുകാരന്റെ നാല് വയസുള്ള മകളെയാണ് ഇയാൾ പീഡിപ്പിച്ചത്. ചൈൽഡ് ലൈൻ പ്രവർത്തകർ നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് നടത്തിയ വൈദ്യപരിശോധനയിൽ കുട്ടി പീഡനത്തിന് ഇരയായതായി വ്യക്തമാകുകയായിരുന്നു.
പ്രതിയെ അറസ്റ്റ് ചെയ്യാൻ വൈകുന്നത് സിപിഎമ്മും പോലീസും തമ്മിലുള്ള ഒത്ത്കളി മൂലമാണെന്ന് കോൺഗ്രസ് ആരോപിച്ചു. ഇതിനെതിരേ മാഞ്ഞാലി തേലത്തുരുത്തിൽ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി.