‘എന്റെ നാട് ’സൗജന്യ സിവിൽ സർവീസ് പരിശീലന പരിപാടി തുടങ്ങി
1496268
Saturday, January 18, 2025 5:01 AM IST
കോതമംഗലം: എന്റെ നാട് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ കോതമംഗലത്തെ എട്ട് മുതൽ 10 വരെ ക്ലാസുകളിലെ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച സൗജന്യ സിവിൽ സർവീസ് പരിശീലന പരിപാടിക്ക് തുടക്കമായി. കോതമംഗലം ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ ഉദ്ഘാടനം നിർവഹിച്ചു. കോതമംഗലത്ത് നിരവധി പ്രതിഭകളെ സൃഷ്ടിക്കുവാൻ എന്റെ നാട് വിദ്യാമൃതം പദ്ധതിക്ക് കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.
ആദ്യഘട്ടത്തിൽ നൂറ് വിദ്യാർഥികൾക്ക് സൗജന്യമായി സിവിൽ സർവീസ് പരിശീലനം നൽകുന്നതാണ് പദ്ധതിയെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ‘എന്റെ നാട്’ ചെയർമാൻ ഷിബു തെക്കുംപുറം പറഞ്ഞു. ചടങ്ങിന് മുന്നോടിയായി വേദിക് അക്കാദമി മേധാവി ശില്പ ശശിധരൻ സിവിൽ സർവീസ് സാധ്യകളെക്കുറിച്ച് ക്ലാസ് നയിച്ചു.
എംജി സർവകലാശാല മുൻ വൈസ് ചാൻസലറും വേദിക് അക്കാദമി എംഡിയുമായ ബാബു സെബാസ്റ്റ്യൻ, കോതമംഗലം സെന്റ് ജോർജ് കത്തീഡ്രൽ വികാരി റവ. ഡോ. തോമസ് ചെറുപറന്പിൽ എന്നിവർ മുഖ്യപ്രഭാഷണം നടത്തി.
ബിജി ഷിബു, പ്രഫ. കെ.എം. കുര്യാക്കോസ്, ജോർജ് അന്പാട്ട്, സി.കെ. സത്യൻ, സി.ജെ. എൽദോസ്, ജെയിംസ് കൊറന്പേൽ, ജോഷി കുര്യാക്കോസ്, പി.എ. പാദുഷ എന്നിവർ പ്രസംഗിച്ചു.