തുരുത്തിയില്‍ ഫ്ലാറ്റ് റെഡി: വീടെന്ന സ്വപ്നം പൂവണിയുന്നത് 394 കുടുംബങ്ങള്‍ക്ക്
1496560
Sunday, January 19, 2025 7:03 AM IST
കൊച്ചി: തുരുത്തിയില്‍ രാജീവ് ആവാസ് യോജന പദ്ധതിയിൽ നിർമിക്കുന്ന ഫ്ലാറ്റുകളുടെ നിർമാണം പൂര്‍ത്തിയായതോടെ 394 കുടുംബങ്ങളുടെ വീട് എന്ന സ്വപ്നം യാഥാർഥ്യത്തിലേക്ക്. ഭൂരഹിതരും ഭവന രഹിതരുമായവര്ക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നത്.
തുരുത്തിയില്‍ നിര്‍മിക്കുന്ന രണ്ട് ഫ്ലാറ്റുകളില്‍ ആദ്യത്തേത് നഗരസഭയുടെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നഗരസഭയും, രണ്ടാമത്തേത് സിഎസ്എംഎല്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നഗരസഭയ്ക്കു വേണ്ടി കൊച്ചി സ്മാര്‍ട്ട് മിഷന് ലിമിറ്റഡുമാണ് നിർമിച്ചിട്ടുള്ളത്. രണ്ട് സമുച്ചയങ്ങളുടെയും നിർമാണം പൂര്‍ത്തീകരിച്ചെങ്കിലും സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റുകളുടെ നിർമാണം പൂര്‍ത്തീകരിച്ച ശേഷം മാർച്ചോടെ ഉദ്ഘാടനം ചെയ്യും.
11 നിലകളിലായി നഗരസഭ നിർമിച്ച ഒന്നാമത്തെ ടവര്‍ 41.74 കോടി രൂപ ചെലവിലാണ് പൂര്‍ത്തിയാക്കിയിട്ടുള്ളത്. 199 യൂണിറ്റുകളാണ് ഇവിടെയുള്ളത്. ഓരോ യൂണിറ്റിലും ഒരു കിടപ്പുമുറി, അടുക്കള, ഡൈനിംഗ്, ലിവിംഗ് ഏരിയ, ബാല്‍ക്കണി, രണ്ട് ശുചിമുറി എന്നിവയാണുള്ളത്. 81 പാര്‍ക്കിംഗ് സ്ലോട്ടുകള്‍, 105 കെഎല്‍ഡി കപ്പാസിറ്റിയുള്ള സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ്, മൂന്ന് എലവേറ്ററുകള്‍, മൂന്ന് സ്റ്റെയര്കേസുകളുമുണ്ട്. ഫ്ലാറ്റ് സമുച്ചയത്തിന് താഴെ ഒരു അങ്കണവാടിയും 14 കടമുറികളും ഉണ്ട്. രണ്ട് സമുച്ചയങ്ങളിലും ലിഫ്റ്റ് സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
സിഎസ്എംഎല്‍ 44.01 കോടി രൂപ ചെലവിലാണ് പദ്ധതി പൂര്‍ത്തിയാക്കിയത്. ഒരു പൊതുമുറ്റത്തിന് ചുറ്റുമായി 13 നിലകളില്‍ ആകെ 195 പാര്‍പ്പിട യൂണീറ്റുകളാണ് ഉള്ളത്. ഓരോ നിലയിലും 15 യൂണിറ്റുകള്‍ വീതമുണ്ട്. താഴത്തെ നിലയില്‍ 18 കടമുറികളും, പാര്‍ക്കിംഗ് സൗകര്യവുമുണ്ട്. 68 കാറുകളും, 17 ബൈക്കുകളും പാര്‍ക്ക് ചെയ്യുന്നതിനുള്ള സൗകര്യവുമുണ്ട്.
100 കെഎല്‍ഡി ശേഷിയുള്ള സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റും, 300 കിലോ മാലിന്യ ശേഖരണ സംവിധാനമുള്ള പ്ലാന്റും സജ്ജമാക്കിയിട്ടുണ്ട്.