കുറ്റബോധമില്ലാതെ പ്രതി; ക്രിമിനല്‍വാസന ചെറുപ്പം മുതലേ
1496249
Saturday, January 18, 2025 4:35 AM IST
കൊച്ചി: കുറ്റബോധം തെല്ലുമില്ലാതെയാണ് ചേന്ദമംഗലത്തെ കൂട്ടക്കൊല കേസിലെ പ്രതി ഋതു പോലീസിനോട് കാര്യങ്ങള്‍ വിവരിച്ചത്. ചോദ്യം ചെയ്യലിന്റെ ഒരുഘട്ടത്തില്‍പ്പോലും പ്രതിക്ക് കുറ്റബോധം തോന്നിയിട്ടില്ലെന്ന് പോലീസ് പറഞ്ഞു. തന്റെ കുടുംബത്തെ നിരന്തരം അധിക്ഷേപിച്ചതും സഹോദരിക്കെതിരെ ജിതിന് മോശം പറഞ്ഞതും മാത്രമാണ് ആക്രമണത്തിന് കാരണമായി പ്രതി പോലീസിനോട് പറഞ്ഞിട്ടുള്ളത്.
ആക്രമണ സമയത്ത് പ്രതി മദ്യപിച്ചിരുന്നില്ലെന്ന് വൈദ്യ പരിശോധനയില്‍ തെളിഞ്ഞിട്ടുണ്ട്. അതേസമയം മറ്റ് രാസലഹരി വസ്തുക്കള്‍ ഉപയോഗിച്ചിരുന്നോ എന്നറിയാന്‍ ഇയാളുടെ രക്ത സാമ്പിള്‍ പോലീസ് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. നാട്ടുകാര്‍ക്ക് ശല്യക്കാരനായിരുന്ന പ്രതി ചെറുപ്പം മുതലേ ക്രമിനല്‍ വാസന പ്രകടിപ്പിച്ചിരുന്നതായി പ്രദേശവസികള്‍ പറഞ്ഞു.
പ്രശ്നങ്ങളുണ്ടാക്കുന്നതിനെ തുടര്‍ന്ന് പലരും പോലീസില്‍ പരാതികള്‍ നല്‍കിയിരുന്നെന്നും എന്നാല്‍ മാനസികരോഗമുണ്ടെന്ന സര്‍ട്ടിഫിക്കറ്റ് കൈവശമുള്ളതിനാല്‍ അത് ഹാജരാക്കി രക്ഷപ്പെടുന്നതാണ് ഇയാളെ രീതിയെന്നും നാട്ടുകാര്‍ പറഞ്ഞു. ആക്രമണത്തിന് ശേഷം ജിതിന് ബോസിന്റെ സ്കൂട്ടറില്‍ രക്ഷപ്പെട്ട പ്രതിയെ പട്രോളിംഗിനിടെ വടക്കേക്കര പോലീസ് ആണ് പിടികൂടിയത്.
സിഗരറ്റ് വലിച്ച് ഹെല്‍മറ്റ് വയ്ക്കാതെ സ്കൂട്ടര്‍ എടുക്കുന്ന പ്രതിയെ കണ്ട് സംശയം തോന്നിയ പോലീസ് ചോദ്യം ചെയ്തതോടെ ആക്രമണ വിവരം പ്രതി പോലീസിനോട് പറയുകയായിരുന്നു. താന്‍ പോലീസ് സ്റ്റേഷനിലേക്ക് വരാന്‍ തുടങ്ങുകയായിരുന്നുവെന്നാണ് ഇയാള്‍ പോലീസിനോട് പറഞ്ഞത്.