ഗോശ്രീ ബസുകളുടെ നഗരപ്രവേശം : എടവനക്കാട് -വൈറ്റില സർവീസ് അടുത്ത ആഴ്ച തുടങ്ങിയേക്കും
1495994
Friday, January 17, 2025 4:09 AM IST
വൈപ്പിൻ: ഗോശ്രീ ബസുകളുടെ നഗര പ്രവേശത്തിന്റെ ഭാഗമായി പെർമിറ്റ് അനു വദിച്ച ബസുകളിൽ ഒന്ന് അടുത്ത ആഴ്ച സർവീസ് തുടങ്ങാൻ തയാറെടുപ്പുകൾ തുടങ്ങി. എടവനക്കാട് അണിയൽ നിന്ന് പുലർച്ചെ 4.45ന് ട്രിപ്പ് തുടങ്ങുന്ന രീതിയിൽ പെർമിറ്റ് അനുവദിച്ചിട്ടുള്ള എടവനക്കാട് -വൈറ്റില ബസ് ആണ് സർവീസ് ആരംഭിക്കുന്നത്.
ബസുകളുടെ നഗര പ്രവേശനവുമായി ബന്ധപ്പെട്ട് പ്രത്യക്ഷ സമര രംഗത്തുള്ള ഫ്രാഗ്, ഗോശ്രീ മനുഷ്യാവകാശ സംരക്ഷണ സമിതി തുടങ്ങി സംഘടനകൾ ഇതൊരു ഉത്സവമാക്കി മാറ്റാൻ നീക്കം തുടങ്ങിയിട്ടുണ്ട്. രാവിലെ 10ന് ഗോശ്രീ കവലയിൽ ആയിരിക്കും ഫ്ലാഗ് ഓഫ് ചടങ്ങ് നടക്കുക. ചടങ്ങിൽ എംപിയും എംഎൽഎയും സിനിമാ താരങ്ങളെയുമൊക്കെ സംബന്ധിക്കും.
തിയതി രണ്ടു ദിവസത്തിനുള്ളിൽ തീരുമാനിക്കുമെന്നാണ് അറിവ്. അതേ സമയം ഇതിന് മുമ്പ് പെർമിറ്റ് നീട്ടി നൽകിയ മഞ്ഞനക്കാട്-വൈറ്റില റൂട്ടിലെ ബസ് ടെസ്റ്റിന് കേറ്റിയിരിക്കയാണ്. ഇതു കഴിയുന്ന മുറക്ക് ഈ ബസും സർവീസ് ആരംഭിക്കും.