കൂത്താട്ടുകുളം നഗരസഭയിലെ താൽക്കാലിക നിയമനം : ഭരണപക്ഷ-പ്രതിപക്ഷ അംഗങ്ങൾ വിട്ടുനിന്നു
1495997
Friday, January 17, 2025 4:09 AM IST
കൂത്താട്ടുകുളം: നഗരസഭയിൽ താൽക്കാലിക നിയമനം ചർച്ച ചെയ്യുന്നതിന് വിളിച്ചുചേർത്ത കൗണ്‍സിൽ യോഗത്തിൽനിന്നു ഭരണപക്ഷ-പ്രതിപക്ഷ കൗണ്‍സിൽ അംഗങ്ങൾ വിട്ടുനിന്നു. 18ന് അവിശ്വാസ പ്രമേയം ചർച്ച ചെയ്യാനിരിക്കെയാണ് നഗരസഭയിലെ താൽക്കാലിക നിയമനത്തിനായി ഏക അജണ്ട വച്ച് ഇന്നലെ കൗണ്‍സിൽ യോഗം വിളിച്ച് ചേർത്തത്.
എന്നാൽ താൽക്കാലിക നിയമനം ചട്ടവിരുദ്ധമാണെന്നും കുടുംബശ്രീ അംഗങ്ങൾക്കോ അവരുടെ കുടുംബാംഗങ്ങൾക്കോ നൽകേണ്ട ജോലിയാണ് യോഗ്യത ഇല്ലാത്തവർക്ക് നൽകുന്നതെന്നും ചൂണ്ടിക്കാണിച്ച് യുഡിഎഫ് കൗണ്‍സിലർമാരുടെ നേതൃത്വത്തിൽ നഗരസഭ സെക്രട്ടറിക്ക് പരാതി നൽകുകയും അംഗങ്ങൾ ഭരണസമിതിക്കെതിരെ അവിശ്വാസ പ്രമേയ നോട്ടീസ് നൽകിയ സാഹചര്യത്തിൽ കൗണ്‍സിൽ യോഗത്തിൽനിന്നും വിട്ടുനിൽക്കുകയാണെന്നും ഈ വിവരങ്ങൾ സെക്രട്ടറി കൗണ്‍സിൽ യോഗത്തെ അറിയിക്കണമെന്നും അംഗങ്ങൾ ആവശ്യപ്പെട്ടു.
തുടർന്ന് നടന്ന കൗണ്‍സിൽ യോഗത്തിൽ യുഡിഎഫ് അംഗങ്ങൾക്ക് പുറമെ ഭരണകക്ഷിയിലെ മൂന്ന് അംഗങ്ങൾകൂടി കൗണ്‍സിൽ പങ്കെടുത്തില്ല. ഇതോടെ കൗണ്‍സിലിന്റെ ഭൂരിപക്ഷം നഷ്ടപ്പെടുകയായിരുന്നു. കൗണ്‍സിലിലെ ഏക സ്വതന്ത്ര അംഗം പി.ജി സുനിൽകുമാർ യോഗത്തിന്റെ ആരംഭഘട്ടത്തിൽ തന്നെ യോഗം നടത്തുന്നതിനുള്ള വിയോജിപ്പും അറിയിച്ചു.
നഗരസഭയുടെ അംഗസംഖ്യ 25 ആയിരിക്കെ ഭൂരിപക്ഷത്തിന് 13 പേരുടെ പിന്തുണ വേണം. യുഡിഎഫിന്റെ 11 കൗണ്‍സിലർമാരും സിപിഎമ്മിന്റെ മൂന്ന് കൗണ്‍സിലർമാരും ഇന്നത്തെ യോഗത്തിൽനിന്ന് വിട്ടുനിന്നു.
ആയതിനാൽ ഭരണത്തിന് നേതൃത്വം നൽകുന്ന ചെയർപേഴ്സണും വൈസ് ചെയർമാനും ജനാധിപത്യത്തിലെ ധാർമികത കണക്കിലെടുത്ത് രാജിവയ്ക്കണമെന്ന് നഗരസഭ പ്രതിപക്ഷ നേതാവ് പ്രിൻസ് പോൾ ജോണ്‍, കക്ഷി നേതാക്കളായ സി.എ. തങ്കച്ചൻ,
ബേബി കീരാംതടം, മറ്റ് കൗണ്‍സിലർമാരായ സിബി കൊട്ടാരം, പി.സി. ഭാസ്കരൻ, ജിജോ ടി. ബേബി, മരിയ ഗൊരോത്തി, ലിസി ജോസ്, ടി.എസ്. സാറ, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് പി.സി. ജോസ്, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് റെജി ജോണ്‍ എന്നിവർ ആവശ്യപ്പെട്ടു.