പുതിയ ഡിസ്റ്റലറി തുടങ്ങാനുള്ള തീരുമാനം പുനപരിശോധിക്കണമെന്ന്
1496554
Sunday, January 19, 2025 6:54 AM IST
കാലടി: കേരളത്തിൽ പുതിയ മദ്യ നിർമാണ ശാലയ്ക്കുള്ള അനുമതി നൽകിയത് സർക്കാർ പുനപരിശോധിക്കണമെന്ന് കേരള മദ്യവിരുദ്ധ ഏകോപന സമിതി ആവശ്യപ്പെട്ടു.
നടപടിക്രമങ്ങൾ പാലിക്കാതെയാണ് മദ്യ നിർമാണ പ്ലാന്റ് തുടങ്ങാൻ അനുമതി നൽകിയത്. അധികാരത്തിലേറിയാൽ മദ്യ വ്യാപനം തടയുമെന്നു പറഞ്ഞ ഇടതു സർക്കാർ കേരളത്തെ മദ്യത്തിൽ മുക്കിക്കൊല്ലുന്ന തീരുമാനങ്ങളാണ് എടുക്കുന്നത്. ഇത് അത്യന്തം വേദനാജനകവും പ്രതിഷേധാർഹവും അപലപനീയവുമാണ്.
യുഡിഎഫ് സർക്കാരിന്റെ ഭരണ കാലത്ത് 28 ബാറുകൾ മാത്രമുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോൾ 836 ബാറുകളായി മാറി. കൂടാതെ 284 ബെവ്കോ ഔട്ട്ലെറ്റുകളുംകൺസ്യൂമർ ഫെഡിന്റെ 32 വിൽപ്പന കേന്ദ്രങ്ങളും ഉണ്ട്. പഞ്ചായത്തുകൾ തോറും മദ്യവില്പനശാലകൾ തുറക്കാനുള്ള സർക്കാർ നീക്കം ഉപേക്ഷിക്കണം.
കഞ്ചിക്കോട് പുതുതായി എഥനോൾ നിർമാണ പ്ലാന്റ് ആരംഭിക്കാൻ മന്ത്രിസഭ അനുമതി നൽകിയത് പുനപരിശോധിച്ചില്ലെങ്കിൽ ശക്തമായ ജനകീയ പ്രക്ഷോഭത്തിന് തയാറാകുമെന്ന് കേരള മദ്യവിരുദ്ധ ഏകോപന സമിതി മേഖലാ നേതൃയോഗം ചൂണ്ടിക്കാട്ടി. ഏകോപന സമിതി ജനറൽ സെക്രട്ടറി അഡ്വ. ചാർളി പോൾ നേതൃയോഗം ഉദ്ഘാടനം ചെയ്തു. മേഖലാ കൺവീനർ ഷൈബി പാപ്പച്ചൻ അധ്യക്ഷത വഹിച്ചു. ശാന്തി സമിതി ജില്ലാ പ്രസിഡന്റ് പി.ഐ. നാദിർഷ, ജോണി പിടിയത്ത്, തോമസ് മറ്റപ്പിള്ളി, എം.ഡി. ലോനപ്പൻ, ജോസി മുളവരിക്കൽ എന്നിവർ പ്രസംഗിച്ചു.