നീണ്ട കാത്തിരിപ്പിനൊടുവിൽ പണി പൂർത്തീകരിച്ച റോഡ് വീണ്ടും പൊളിക്കുന്നു
1496270
Saturday, January 18, 2025 5:01 AM IST
കോലഞ്ചേരി: ദുരിത പൂർണമായ യാത്രാ ബുദ്ധിമുട്ടുകൾ വർഷങ്ങളോളം നേരിട്ട് പ്രദേശവാസികളുടെ നീണ്ട സഹന സമര പരിശ്രമത്തിനൊടുവിൽ പണി പൂർത്തീകരിച്ച ചൂണ്ടി-രാമമംഗലം റോഡ് ചൂണ്ടിയിൽ വീണ്ടും പൊളിച്ചു. പൈപ്പ് അറ്റകുറ്റപ്പണികൾക്കെന്നു പറഞ്ഞാണ് കുത്തിപ്പൊളിച്ചിരിക്കുന്നത്.
ദേശീയപാതയ്ക്ക് അടിയിൽപോലും ജലവിതരണ പൈപ്പുകൾ ഉണ്ടെങ്കിലും ചൂണ്ടി രാമമംഗലം റോഡിലെ പൈപ്പുകൾ പൊട്ടുന്നതുപോലെ കേടുപാടുകൾ ഉണ്ടാകുന്നില്ല. പൈപ്പുകളുടെ ഗുണനിലവാരത്തിന്റെ കുഴപ്പമോ റോഡ് നിർമാണത്തിന്റെ അപാകതയോ എന്നെല്ലാം സംശയം പ്രകടിപ്പിക്കുന്നുണ്ടെങ്കിലും സാധാരണ ജനങ്ങളെ വീണ്ടും ദുരിതത്തിലാക്കുന്ന നടപടിയാണ് റോഡ് കുത്തിപ്പൊളിക്കുന്നതിലൂടെ ഉണ്ടായിരിക്കുന്നത്.
റോഡ് വീണ്ടും താറുമാറാക്കുന്നതിനെതിരേ ചൂണ്ടി വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിഷേധം രേഖപ്പെടുത്തി. റോഡ് പൂർവസ്ഥിതിയിലാക്കണമെന്ന് സമിതി ഭാരവാഹികളായ വിനോദ് കുമാർ, പി.ബി. സുദർശൻ, സി.ആർ. പ്രേമൻ, പി.എം. മിഥുൻരാജ് തുടങ്ങിയവർ ആവശ്യപ്പെട്ടു.