ഋതു ലക്ഷ്യം വച്ചത് ജിതിനെ
1496247
Saturday, January 18, 2025 4:35 AM IST
കൊച്ചി: ചേന്ദമംഗലത്തെ കൂട്ടക്കൊലയില്‍ പ്രതി ഋതു ലക്ഷ്യം വച്ചത് മരിച്ച വിനീഷയുടെ ഭര്‍ത്താവ് ജിതിന് ബോസിനെ. ജിതിന് തന്നെയും വീട്ടുകാരെയും കുറിച്ച് അധിക്ഷേപം പറഞ്ഞതിനാലും തന്റെ സഹോദരിയെക്കുറിച്ചു മോശമായി പറഞ്ഞതിനാലുമാണ് ആക്രമണം നടത്തിയതെന്നാണ് ഋതു പോലീസിനു നല്കിയ മൊഴി.
ഈ വിരോധമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക വിലയിരുത്തലും. ജിതിനെ ലക്ഷ്യമിട്ടാണ് ഋതു വീട്ടിലേത്ത് എത്തിയത്. എന്നാല്‍ മറ്റുള്ളവര്‍ തടയാന്‍ ശ്രമിച്ചതോടെ ഇവരെ ആക്രമിക്കുകയായിരുന്നു.
ജിതിനുമായി ചില തര്‍ക്കങ്ങള്‍ നേരത്തെ മുതല്‍ ഉണ്ടെന്നാണ് പ്രതി പോലീസിനോട് വ്യക്തമാക്കിയിട്ടുള്ളത്. അതേസമയം സ്ഥിരം ലഹരിക്കടിമയായ പ്രതിക്കെതിരെ മുമ്പ് പോലീസില്‍ പരാതി നല്‍കിയിട്ട് കാര്യമായി നടപടി ഉണ്ടായില്ലെന്ന് പ്രദേശവാസികള്‍ ആരോപിക്കുന്നു. ഏതാനും മാസങ്ങള്‍ക്കു മുമ്പാണ് വേണുവിന്റെ വീട്ടിലെ ഗേറ്റ് തല്ലിത്തകര്‍ത്ത സംഭവത്തില്‍ ഋതുവിനെതിരെ പോലീസില്‍ പരാതി നല്‍കിയത്.
ഇതേത്തുടര്‍ന്നു വേണുവിന്റെ വീട്ടില്‍ സിസിടിവി ക്യാമറ സ്ഥാപിക്കുകയും ചെയ്തിരുന്നു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഋതു 2021 മുതല്‍ പോലീസിന്റെ ഗുണ്ടാ ലിസ്റ്റില്‍ ഉള്‍പ്പെട്ടയാളാണ്. അരുംകൊലയ്ക്ക് മുമ്പ് ഇയാള്‍ വീട്ടിലെത്തി ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.
ഒരു കേസില്‍ ഇയാള്‍ റിമാന്‍ഡില്‍ കഴിഞ്ഞിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ഗുണ്ടാ ലിസ്റ്റില്‍ ഉള്‍പ്പെട്ടതിന് പിന്നാലെ ഇയാളെ പോലീസ് നീരീക്ഷിച്ചിരുന്നു. കഴിഞ്ഞ മാസം ബംഗളൂരുവിലേക്ക് പോയ പ്രതി അവിടെ ചെറിയ ജോലികള്‍ ഏര്‍പ്പെട്ടെങ്കിലും അടുത്തയിടെ നാട്ടില്‍ തിരിച്ചെത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
പ്രതിക്ക് മാനസിക പ്രശ്നങ്ങളില്ലെന്ന് പോലീസ് : അന്വേഷണത്തിന് 17 അംഗസംഘം
കൊച്ചി: പറവൂര്‍ ചേന്ദമംഗലം കൂട്ടക്കൊല കേസ് മുനമ്പം ഡിവൈഎസ്പി എസ്. ജയകൃഷ്ണന്റെ നേതൃത്വത്തില്‍ 17 അംഗസംഘം അന്വേഷിക്കും. കൂട്ടക്കൊല നടന്ന വേണുവിന്റെ വീട്ടില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരടക്കം എത്തി വിവരങ്ങള്‍ ശേഖരിച്ചു.
സ്ഥലത്ത് ഡോഗ് സ്ക്വാഡും ഫോറന്‍സിക് സംഘവും പരിശോധന നടത്തി. ലഹരിക്ക് അടിമയായിരുന്ന പ്രതിയുടെ വീട്ടിലും അന്വേഷണസംഘമെത്തി പരിശോധിച്ചു. അതേസമയം പ്രതി ഋതുവിന് മാനസിക പ്രശ്നങ്ങളില്ലെന്ന് പോലീസ് പറഞ്ഞു.
പ്രതിയുടെ പശ്ചാത്തലവും ആക്രമണത്തിന് പിന്നിലെ മറ്റ് കാരണങ്ങളടക്കം അന്വേഷണസംഘം വിശദമായി പരിശോധിച്ചു വരികയാണ്.