ചേന്ദമംഗലം കൂട്ടക്കൊല : നൊന്പരക്കാഴ്ച്ചയായി അന്ത്യയാത്ര
1496246
Saturday, January 18, 2025 4:35 AM IST
പറവൂര്‍: ചേന്ദമംഗലത്തെ കൂട്ടക്കൊലയില്‍ മരണമടഞ്ഞവര്‍ക്ക് നാടിന്റെ അന്ത്യാഞ്ജലി. അപ്രതീക്ഷിത കൊലപാതകത്തിന്റെ നടുക്കത്തില്‍ നിന്ന് മുക്തമായില്ലെങ്കിലും നാട് ഒന്നടങ്കം എത്തിയാണ് കൊല്ലപ്പെട്ട കാട്ടിപറമ്പില്‍ വേണു (65)ഭാര്യ ഉഷ (58) മകള്‍ വിനീഷ(32) എന്നിവരെ യാത്രയാക്കിയത്. രാഷ്ട്രീയ സാമൂഹിക രംഗങ്ങളില്‍ നിന്നടക്കം നിരവധിപേര്‍ സംസ്കാര ചടങ്ങുകളില്‍ പങ്കെടുത്തു.
കൊലപാതകത്തിന് പിന്നാലെ വീട് പോലീസ് സീല്‍ ചെയ്തതിനാൽ കരിമ്പാടത്ത് വിനീഷയുടെ സഹോദരിയുടെ വീട്ടിലേക്കാണ് മൃതദേഹങ്ങള്‍ എത്തിച്ചത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വിനീഷയുടെ ഭര്‍ത്താവ് ജിതിന് ബോസിന് പ്രിയപ്പെട്ടവരെ അവസാനമായി കാണാന്‍ കഴിഞ്ഞില്ല. വൈകാരിക രംഗങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച കരിമ്പാടത്തെ വീട്ടില്‍ ജിതിന്റെയും വിനീഷയുടെയും മക്കളായ ആരാധ്യയും അവനിയും നൊമ്പരക്കാഴ്ചയായി.
രാവിലെ പറവൂര്‍ താലൂക്ക് ആശുപത്രിയില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി കളമശേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. നടപടികള്‍ പൂര്‍ത്തിയാക്കി ഉച്ചകഴിഞ്ഞ് 3.20 ഓടെയാണ് മൂവരുടെയും മൃതദേഹങ്ങള്‍ കരിമ്പാടത്തെ വീട്ടിലെത്തിച്ചത്.
ഈ സമയം മരണപ്പെട്ടവരെ അവസാനമായി കാണാനെത്തിയവരെക്കൊണ്ട് വീടും പരിസരവും നിറഞ്ഞിരുന്നു. ബന്ധുക്കളും നാട്ടുകാരും ഏറെ പണിപ്പെട്ടാണ് തിരക്ക് നിയന്ത്രിച്ചത്.
വേണുവിന്റെയും ഉഷയുടെയും മൃതദേഹങ്ങള്‍ക്ക് നടുവിലായാണ് വിനീഷയുടെ മൃതദേഹം കിടത്തിയത്. മൃതദേഹത്തിനരികിലേക്ക് അലമുറയിട്ടെത്തിയ ആരാധ്യയെയും അവനിയെയും ആശ്വസിപ്പിക്കാന്‍ കൂടിനിന്നവര്ക്കായില്ല.
ബന്ധുക്കളുടെയും നിയന്ത്രണം നഷ്ടപ്പെട്ടതോടെ വീട് സങ്കടക്കടലായി. വൈകാതെ കുട്ടികളെ മൃതദേഹത്തിനരികില്‍ നിന്നു മാറ്റിയെങ്കിലും വൈകിട്ട് അഞ്ചോടെ മൃതദേഹങ്ങള്‍ എടുക്കുന്നതിനു മുമ്പായി അന്ത്യചുംബനം നല്കാന് വീണ്ടുമെത്തിച്ചു. ഈ സമയം വീട്ടില്‍ കൂട്ടക്കരച്ചിലുയർന്നു. പൊതുദര്‍ശനം പൂര്‍ത്തിയാക്കി വൈകിട്ടോടെ മൃതദേഹങ്ങള്‍ ഓച്ചംതുരുത്ത് പൊതുശ്മശാനത്തില്‍ സംസ്കരിച്ചു.
പ്രതിപക്ഷനേതാവ് വി.ഡി. സതീശന്, മുന്‍ മന്ത്രി എസ്. ശര്‍മ്മ, പഞ്ചായത്ത് പ്രസിഡന്റ് ലീന വിശ്വം, ജില്ലാ പഞ്ചായത്ത് അംഗം എ.എസ്. അനില്‍ കുമാര്‍ തുടങ്ങിയവര്‍ അന്തിമോപചാരം അര്‍പ്പിച്ചു.
കണ്ണീരണിഞ്ഞ് ആരാധ്യയും അവനിയും
പറവൂര്‍: ചേന്ദമംഗലത്തെ കൂട്ടക്കൊലയില്‍ ആരാധ്യയ്ക്കും അവനിക്കും നഷ്ടമായത് അമ്മയെയും ഒപ്പം മുത്തച്ഛനെയും മുത്തശിയെയും. മാതൃസ്നേഹത്തണലില്‍ കളിച്ചു ചിരിച്ച് നടക്കേണ്ട പ്രായത്തില്‍ അമ്മയെ നഷ്ടമായതോടെ അമ്പരപ്പിലും അതിലേറെ ദുഖത്തിലുമണ് ഇരുവരും.
സംഭവസമയത്ത് വീട്ടിലുണ്ടായിരുന്ന ഇരുവരുടെയും നിലവിളികേട്ടെത്തിയവരാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്.
ഇതിനുപിന്നാലെ ആരാധ്യയെയും അവനിയെയും വിനീഷയുടെ കരിമ്പാടത്തുള്ള സഹോദരിയുടെ വീട്ടിലേക്ക് മാറ്റി. എന്നാല്‍ മരണവിവരം മൃതദേഹം വീട്ടിലെത്തിക്കുംവരെ ഇവരെ അറിയിച്ചിരുന്നില്ല. അമ്മയുടെ ചേതനയറ്റ മൃതദേഹം വീട്ടിലെത്തിയതോടെ കുട്ടികളുടെ നിയന്ത്രണം വിട്ടു.
അലമുറയിട്ട് കരഞ്ഞ ആരാധ്യയെയും അവനിയെയും ആശ്വസിപ്പിക്കാന്‍ കൂടി നിന്നവര്ക്കുമായില്ല. ഒടുവില്‍ വീട്ടിലെ പൊതുദര്‍ശനം പൂര്‍ത്തിയാക്കി മൃതദേഹം സംസ്കാരത്തിനായി കൊണ്ടുപോകുമ്പോഴേക്കും ഇരുവരും കരഞ്ഞു തളര്‍ന്ന അവസ്ഥയിലായിരുന്നു.