എറണാകുളം കെഎസ്ആര്‍ടിസി സ്റ്റാൻഡ് : പഴയ കെട്ടിടം ഉടന്‍ പൊളിക്കും, ഉത്തരവ് അടുത്തയാഴ്ച
1496252
Saturday, January 18, 2025 4:35 AM IST
കൊച്ചി: ആധുനികവത്കരിക്കുന്നതിന്റെ ഭാഗമായി നിലവിലെ എറണാകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാൻഡ് കെട്ടിടം ഉടൻ പൊളിക്കും. ഇതിനുള്ള ഉത്തരവ് അടുത്തയാഴ്ച പുറപ്പെടുവിക്കും. ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ ഉടൻ പൊളിക്കല്‍ ആരംഭിക്കും. കെഎസ്ആര്‍ടിസിയുടെയും വൈറ്റില മൊബിലിറ്റി ഹബിന്റെയും ഉടമസ്ഥതയിലുള്ള ഭൂമി പരസ്പരം വച്ചുമാറാനുള്ള ആലോചന ഉപേക്ഷിച്ചു.
ഇതനുസരിച്ച് ധാരണാപത്രത്തിലും മാറ്റം വരുത്തും. തിരുവനന്തപുരത്ത് മന്ത്രി പി. രാജീവ്, ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന ഉന്നതതല യോഗമാണ് ഇക്കാര്യങ്ങള്‍ തീരുമാനിച്ചത്.
കാരിക്കാമുറിയിലെ ഭൂമിയില്‍ 2.9 ഏക്കറാണ് പുതിയ ടെര്‍മിനൽ നിര്‍മാണത്തിനായി കെഎസ്ആര്‍ടിസി നല്‍കുക. നിര്‍മാണം പൂര്‍ത്തിയാകുമ്പോള്‍ പുറത്തേക്കുള്ള വഴിയും ടെര്‍മിനലിന്റെ ഭാഗമാകും. പുതിയ ടെര്‍മിനലിലെ ആറ് ബസ് ബേകള്‍ കെഎസ്ആര്‍ടിസിക്ക് മാത്രമായി ഉപയോഗിക്കാന്‍ വിട്ടു നല്‍കും.
സ്റ്റേഷന് മാസ്റ്റര്‍ ഓഫീസ്, ജീവനക്കാര്‍ക്കുള്ള സൗകര്യങ്ങള്‍ എന്നിവയും ഒരുക്കും. ഗാരേജ് മാറ്റി സ്ഥാപിക്കും. യൂസര്‍ ഫീ നല്കുന്നതില് നിന്ന് കെഎസ്ആര്‍ടിസിയെ ഒഴിവാക്കും. പുതിയ ടെര്‍മിനലില്‍ വരുമാന സൃഷ്ടിക്കുള്ള സാധ്യതകള്‍ ഉപയോഗപ്പെടുത്തും. വൈറ്റില ടെര്‍മിനലില്‍ കെഎസ്ആര്‍ടിസിക്ക് ഉപയോഗാവകാശവും സ്റ്റേഷന് മാസ്റ്റര്‍ ഓഫീസ് സൗകര്യങ്ങളും നല്‍കും.
കെഎസ്ആര്‍ടിസി ബസുകള്‍ക്കും സ്വകാര്യ ബസുകള്‍ക്കും പ്രവേശിക്കാൻ കഴിയുംവിധം വൈറ്റില മൊബിലിറ്റി ഹബിന്റെ മാതൃകയിലുള്ള കെട്ടിടം നിര്‍മിക്കുന്നതിനാണ് പദ്ധതി തയാറാക്കിയിട്ടുള്ളത്.
നിര്‍മാണച്ചുമതല കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷനാണ്. കൊച്ചിന് സ്മാര്‍ട്ട് മിഷന് ലിമിറ്റഡ് (സിഎസ്എംഎല്‍) 12 കോടി രൂപ പദ്ധതിക്കായി വകയിരുത്തിയിട്ടുണ്ട്.
ഇതോടെ കൊച്ചി നഗരത്തില്‍ കെഎസ്ആര്‍ടിസിയുടെയും സ്വകാര്യ ബസുകളുടെയും രണ്ട് ഹബ്ബുകള്‍ നിലവില്‍ വരും. കരിക്കാമുറിയില്‍ ഹബ്ബ് വരുമ്പോള്‍ അതിനോടു ചേര്‍ന്നു തന്നെയാണ് സൗത്ത് റെയില്‍വേ സ്റ്റേഷനും എറണാകുളം സൗത്ത് മെട്രോ സ്റ്റേഷനുമെന്നത് യാത്രക്കാര്‍ക്ക് ഏറെ പ്രയോജനകരമാകുമെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു.
ടി.ജെ. വിനോദ് എംഎല്‍എ, ഗതാഗത വകുപ്പ് സെക്രട്ടറി കെ. വാസുകി, ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ സി.എച്ച്. നാഗരാജു, അഡീഷണല്‍ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ പി.എസ്. പ്രമോജ് ശങ്കര്‍, ജില്ലാ കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ്, ഡിസ്ട്രിക്ട് ഡെവലപ്മെന്റ് കമ്മീഷണര്‍ അശ്വതി നായര്‍, സ്മാര്‍ട്ട് സിറ്റി മിഷന് സിഇഒ ഷാജി വി. നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.