പ്രതിയെ റിമാന്‍ഡ് ചെയ്തു; രോഷപ്രകടനവുമായി നാട്ടുകാര്‍
1496250
Saturday, January 18, 2025 4:35 AM IST
പറവൂര്‍: ചേന്ദമംഗലം കൂട്ടക്കൊലപാതകത്തില്‍ അറസ്റ്റിലായ പ്രതി ഋതുവിനെ 14 ദിവസത്തേക്ക് കോടതി റിമാന്‍ഡ് ചെയ്തു. സംഭവത്തിന് പിന്നാലെ വടക്കേക്കര പോലീസ് അറസ്റ്റ് ചെയ്ത പ്രതിയെ മുനമ്പം ഡിവൈഎസ്പി എസ്. ജയകൃഷ്ണന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം വിശദമായി ചോദ്യം ചെയ്തു.
പിന്നാലെ വൈകിട്ട് അഞ്ച് 5.30ഓടെ പറവൂര്‍ ജുഡീഷല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കുകയായിരുന്നു. പ്രതിയെ കോടതിയിലെത്തിക്കുന്നതറിഞ്ഞ് വലിയ ജനക്കൂട്ടം സ്ഥലത്തെത്തിയിരുന്നു. കോടതി നടപടികള്‍ പൂര്‍ത്തിയാക്കി പ്രതിയുമായി പോലീസ് പുറത്തേക്ക് എത്തിയതോടെ നാട്ടുകാര്‍ പ്രതിയെ കൈയോറ്റം ചെയ്യാന്‍ ശ്രമിച്ചു.
കോടതി പരിസരത്തെത്തിയ ഋതുവിന്റെ സുഹൃത്തുക്കള്‍ക്ക് നേരെയും നാട്ടുകാരുടെ രോക്ഷപ്രകടനമുണ്ടായി. ഏറെ പണിപ്പെട്ടാണ് പ്രതിയെ പോലീസ് വാഹനത്തില്‍ കയറ്റിയത്.
അതിനിടെ പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനുള്ള നീക്കം പോലീസ് ആരംഭിച്ചു. കസ്റ്റഡി അപേക്ഷ വൈകാതെ സമര്‍പ്പിക്കും.
പ്രതിക്ക് കേരളത്തിന് പുറത്ത് എന്തെങ്കിലും കേസുകളുണ്ടോയെന്നും ലഹരി ഇടപാടുകളില്‍ ഭാഗമായിട്ടുണ്ടോയെന്നും പരിശോധിക്കുമെന്നും മുനമ്പം ഡിവൈഎസ്പി എസ്. ജയകൃഷ്ണന് പറഞ്ഞു. അന്വേഷണവുമായി പ്രതി സഹകരിക്കുന്നുണ്ട്. പ്രതി പറയുന്ന കാര്യങ്ങള്‍ പരിശോധിക്കേമ്ടതുണ്ട്.
വിശദമായ ചോദ്യംചെയ്യലും പരിശോധനകളും പ്രതിയെ കസ്റ്റഡിയില്‍ വാങ്ങിയ ശേഷമേ നടത്താനാകൂ. സംഭവദിവസം പ്രതി വീട്ടില്‍തന്നെ ഉണ്ടായിരുന്നതായാണ് വിവരം. ഇതിനിടെ എപ്പോഴെങ്കിലും പുറത്തു പോയിരുന്നോ എന്നതടക്കം പരിശോധിച്ച് വരികയാണെന്നും അദ്ദേഹം പറഞ്ഞു.