പറവൂർ കൂട്ടക്കൊല; ജിതിന് ചികിത്സാ സഹായം ഉറപ്പാക്കുമെന്ന് മന്ത്രി രാജീവ്
1496564
Sunday, January 19, 2025 7:03 AM IST
പറവൂർ: അയൽവാസിയുടെ ആക്രമണത്തിൽ മരണപെട്ടവരുടെ ബന്ധുക്കൾക്ക് ആശ്വാസമേകാൻ മന്ത്രി പി. രാജീവെത്തി. പേരേപ്പാടം കാട്ടിപ്പറമ്പിൽ വേണു(69), ഭാര്യ ഉഷ ( 62 ), മകൾ വിനീഷ (32) എന്നിവരെയാണ് വ്യാഴം വൈകീട്ട് 6.30ന് പ്രതി കണിയാപറമ്പിൽ ഋതു വീട്ടിൽ കയറി ഇരുമ്പു പൈപ്പുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്.
വെള്ളിയാഴ്ച മൃതദേഹം പൊതുദർശനത്തിനുവച്ച കരിമ്പാടത്തെ ഉഷയുടെ സഹോദരിയുടെ വീട്ടിലെത്തിയ മന്ത്രി വേണുവിന്റെ ഇളയ മകൾ നിത, വിനീഷയുടെ മക്കളായ ആരാധിക, അവനിക എന്നിവരെ ആശ്വസിപ്പിച്ചു. കുട്ടികളുടെ സംരക്ഷണം ഏറ്റെടുക്കുന്നത് സംബന്ധിച്ച് ആലോചനകൾ നടക്കുന്നുണ്ടെന്നും, ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ വിനീഷയുടെ ഭർത്താവ് ജിതിന്റെ ചികിത്സയ്ക്കായി വേണ്ട സഹായങ്ങൾ ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
സിപിഎം പറവൂർ എരിയ സെക്രട്ടറി ടി.വി. നിഥിൻ, ചേന്ദമംഗലം ലോക്കൽ സെക്രട്ടറി കെ.ജി. ബാസ്റ്റിൻ, പറവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കമലാ സദാനന്ദൻ, ചേന്ദമംഗലം പഞ്ചായത്ത് പ്രസിഡന്റ് ലീന വിശ്വൻ, വൈസ് പ്രസിഡന്റ് വി.യു. ശ്രീജിത്ത്, ജില്ലാ പഞ്ചായത്തംഗം എ.എസ്. അനിൽകുമാർ, കെ.എ. വിദ്യാനന്ദൻ എന്നിവരും മന്ത്രിക്കൊപ്പമുണ്ടായി.