നഗര റോഡ് വികസനം യാഥാർഥ്യമായത് തങ്ങളാണെന്ന് വരുത്തി തീർക്കാൻ സിപിഎം എൽഡിഎഫ് ശ്രമം: എംഎൽഎ
1496538
Sunday, January 19, 2025 6:40 AM IST
മൂവാറ്റുപുഴ: നഗര റോഡ് വികസനം യാഥാർഥ്യമായത് തങ്ങളുടെ ഇടപെടലിലൂടെയാണെന്നു വരുത്തി തീർക്കാനുള്ള നീക്കമാണ് സിപിഎമ്മും എൽഡിഎഫും നടത്തുന്നതെന്ന് മാത്യു കുഴൽനാടൻ എംഎൽഎ പത്രസമ്മേളനത്തിൽ ആരോപിച്ചു.
സിപിഎം നേതാക്കളും മുൻ എംഎൽഎമാരും ഉൾപ്പെടെ പൊതുമരാമത്ത് മന്ത്രിയെ നേരിൽ കണ്ട് നിവേദനം നൽകുകയും മന്ത്രി നേരിട്ട് ഇടപെടുമെന്ന് ഉറപ്പു നൽകുകയും ചെയ്തിരുന്നു. ഇതിനു ശേഷവും നഗര റോഡ് നിർമാണത്തിലെ തടസങ്ങൾ തുടർന്നു. ഇതെല്ലാം ഓരോന്നായി നീക്കി റോഡ് വികസനം പുരോഗമിക്കുന്നതിനിടയിലാണു വിവിധ വകുപ്പിലെ ഉദ്യോഗസ്ഥരുമായി ചർച്ചകൾ നടത്താൻ സിപിഎം, എൽഡിഎഫ് നേതൃത്വം തയാറായിരിക്കുന്നത്. ഇത് മന്ത്രിയുടെ പരാജയമാണെന്നു വ്യക്തമാക്കുന്ന നിലപാടാണെന്നും എംഎൽഎ ആരോപിച്ചു.
എങ്കിലും നഗര റോഡ് വികസനം മുന്നോട്ടു കൊണ്ടുപോകാൻ സഹായകരമായ എല്ലാ മാർഗവും സ്വാഗതം ചെയ്യുന്നതായും മാത്യു കുഴൽനാടൻ പറഞ്ഞു. വികസന പദ്ധതികളുടെ ക്രെഡിറ്റ് ഒറ്റയ്ക്കു സ്വന്തമാക്കാൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നഗര റോഡ് വികസനത്തിൽ വകുപ്പുകൾ തമ്മിലുള്ള ഏകോപനം ഇല്ലയെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്നും എംഎൽഎ പറഞ്ഞു. റോഡ് വികസനത്തിന്റെ ഭാഗമായുള്ള കോണ്ക്രീറ്റ് ചേംബറുകൾ സ്ഥാപിക്കുന്ന ജോലികൾ പുരോഗമിക്കുകയാണെന്നും നിർമാണ പ്രവർത്തനങ്ങൾ കാലതാമസം കൂടാതെ പൂർത്തിയാക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്നും മാത്യു കുഴൽനാടൻ എംഎൽഎ വ്യക്തമാക്കി.