അങ്കമാലിയിൽ തൊഴിലാളി ക്ഷേമനിധി അദാലത്ത് നടത്തി
1496548
Sunday, January 19, 2025 6:47 AM IST
അങ്കമാലി: കേരള ഷോപ്പ്സ് ആൻഡ് കൊമേഴ്സൽ എസ്റ്റാബ്ലിഷ്മെന്റ് വെൽഫെയർ ബോർഡിന്റെ കീഴിൽ വരുന്ന തൊഴിലാളികളുടെ ക്ഷേമനിധി കുടിശിഖ തീർത്ത് പുതുക്കി നല്കുന്നതിനുള്ള ക്ഷേമനിധി അദാലത്ത് അങ്കമാലി മർച്ചന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ വ്യാപാരഭവനിൽ നടന്നു.
അങ്കമാലി നിയോജക മണ്ഡലത്തിൽ ഉൾപ്പെടുന്ന വ്യാപാര വ്യവസായ സ്ഥാപനങ്ങളിലെ തൊഴിലാളികൾക്കും തൊഴിലുടമകൾക്കും അദാലത്തിൽ പങ്കെടുത്ത് കുടിശികയ്ക്ക് പലിശയോ പിഴപ്പലിശയോ ഇല്ലാതെ ക്ഷേമനിധി പുതുക്കി നല്കുന്നതിനുള്ള അവസരമാണ് ലേബർ വകുപ്പ് ഒരുക്കിയത്.
ജില്ലയുടെ വിവിധ കേന്ദ്രങ്ങളിൽ വിവിധ ദിവസങ്ങളായി നടക്കുന്ന അദാലത്തിന്റെ ജില്ലാ തല ഉദ്ഘാടനം അങ്കമാലി വ്യാപാരഭവനിൽ ക്ഷേമ ബോർഡ് ഡയറക്ടർ ബോർഡംഗവും,കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റുമായ പി.സി. ജേക്കബ് നിർവഹിച്ചു.
അങ്കമാലി മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ജോണി കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. ജില്ലാ ക്ഷേമനിധി എക്സിക്യൂട്ടീവ് ഓഫീസർ ടി.കെ. നാസർ നേതൃത്വം നല്കി. ഏകോപന സമിതി ജില്ലാ വർക്കിംഗ് പ്രസിഡന്റ് ജിമ്മി ചക്യേത്ത്, ജില്ലാ സെക്രട്ടറി എൻ.വി. പോളച്ചൻ, യൂത്ത് വിംഗ് ജില്ലാ പ്രസിഡന്റ് പ്രദീപ് ജോസ്, അസോസിയേഷൻ ഭാരവാഹികളായ ബിജു പൂപ്പത്ത്, ഡെന്നി പോൾ, തോമസ് കുര്യാക്കോസ്, ജോബി ജോസ് എന്നിവർ പ്രസംഗിച്ചു.