കൊതുക് ശല്യത്തിനെതിരേ പുകവണ്ടി പുകച്ച് പ്രതിഷേധം
1496559
Sunday, January 19, 2025 7:03 AM IST
കൊച്ചി: നഗരത്തില്‍ കൊതുകുശല്യം രൂക്ഷമായിട്ടും പുകവണ്ടികള്‍ പ്രവര്‍ത്തിപ്പിക്കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം. ഫോഗിംഗിനായി നഗരസഭ വാങ്ങിയ വാഹനങ്ങളില്‍ പുകയിട്ടായിരുന്നു പ്രതിപക്ഷത്തിന്റെ വ്യത്യസ്തമായ പ്രതിഷേധം നടന്നത്. പ്രതിപക്ഷ നേതാവ് ആന്റണി കുരീത്തറ ഉദ്ഘാടനം ചെയ്തു.
കൊതുക് നിവാരണ പ്രവര്‍ത്തനങ്ങള്‍ക്കായി വാങ്ങിയ പത്ത് ഫോഗിംഗ് വണ്ടികള്‍ സാങ്കേതിക കാരണം പറഞ്ഞ് മേയര്‍ ഉപയോഗിക്കാന്‍ നല്‍കുന്നില്ലെന്ന് പ്രതിക്ഷ നേതാവ് ആന്റണി കൂരിത്തറ ആരോപിച്ചു. കഴിഞ്ഞ വര്‍ഷത്തെ സ്പിൽ ഓവര്‍ തുകയായ 50 ലക്ഷം രൂപയാണ് കൊതുക് നിവാരണ പ്രവര്‍ത്തനങ്ങള്‍ക്കായി ഇപ്പോള്‍ ഉപയോഗിക്കുന്നത്. കൊതുക് നിവാരണത്തിനായി നീക്കിവച്ചിട്ടുള്ള ഈ സാമ്പത്തിക വര്‍ഷത്തെ ജനകീയസൂത്രണ ഫണ്ടായ 50 ലക്ഷം രൂപയും തനത് ഫണ്ടില്‍ നിന്ന് ബജറ്റില്‍ വകയിരുത്തിയിട്ടുള്ള ഒരു കോടി രൂപയും ഇതുവരെ ചെലവഴിച്ചിട്ടുമില്ല. കൊതുക് ശല്യം അതിരൂക്ഷമായി നില്ക്കുന്ന സമയത്ത് പോലും തുക ചെലവഴിക്കാന്‍ കഴിയാത്തത് ഭരണപരാജയമാണെന്നും പ്രതിപക്ഷം ആരോപിച്ചു.
പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി എം.ജി. അരിസ്റ്റോട്ടില്‍ അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍മാരായ ആന്റണി പൈനുംതറ, അഭിലാഷ് തോപ്പില്‍, സീന ടീച്ചര്‍, എ.ആര്. പത്മദാസ്, പയസ് ജോസഫ്, മിന്നാ വിവേര, ശാന്ത ടീച്ചര്‍, ലൈലാ ദാസ്, രജനി മണി, സക്കീര്‍ തമ്മനം, ജിജ ടെന്‍സെന്‍ എന്നിവര്‍ പങ്കെടുത്തു.