എടത്തല കോമ്പാറ ജംഗ്ഷൻ വികസനം: സംയുക്ത പരിശോധന നടത്തി
1496553
Sunday, January 19, 2025 6:54 AM IST
ആലുവ : എടത്തല ഗ്രാമപഞ്ചായത്തിലെ കോമ്പാറ ജംഗ്ഷന്റെ വികസനത്തിന് ഭൂമി ഏറ്റെടുക്കുന്നതിനായി റവന്യൂ വകുപ്പും പൊതുമരാമത്ത് വകുപ്പും സംയുക്ത സ്ഥലപരിശോധന നടത്തി. സ്ഥലം അളക്കുന്നതിനും സാമൂഹ്യാഘാത പഠനത്തിനും ലാൻഡ് അക്വിസിഷൻ ഓഫീസറായി കാക്കനാട് (എൽഎ) സ്പെഷൽ തഹസിൽദാറെ ജില്ലാ കളക്ടർ ചുമതലപ്പെടുത്തിയതായും അൻവർ സാദത്ത് എംഎൽഎ അറിയിച്ചു.
എൻഎഡി-എച്ച്എംടി റോഡിലെ കോമ്പാറ ജംഗ്ഷൻ ഭൂമി ഏറ്റെടുത്ത് വികസിപ്പിക്കുന്നതിനായി അഞ്ചു കോടി രൂപ ബജറ്റിൽ അനുവദിച്ചിട്ടുണ്ട്.
അടിവാരം മുതൽ കോമ്പാറയിലെ പമ്പ് കഴിഞ്ഞുള്ള വളവ് വരെയുള്ള 350 മീറ്റർ ഭാഗം 19.8 മീറ്റർ വീതിയിലും, കോമ്പാറയിൽ നിന്നും കുന്നത്തേരിയിലേക്കുള്ള റോഡ് 150 മീറ്റർ വരെയുള്ള ഭാഗം 15.8 മീറ്റർ വീതിയിലും, കോമ്പാറയിൽ നിന്നും അൽ അമീൻ കോളജിലേക്കുള്ള റോഡ് 150 മീറ്റർ വരെയുള്ള ഭാഗം 15.8 മീറ്റർ വീതിയിലും പുറമ്പോക്കു ഉൾപ്പെടെ ഒരേക്കർ 90 സെന്റ് സ്ഥലം ഏറ്റെടുത്തു റോഡ് വീതികൂട്ടി നിർമിക്കുവാനാണ് തീരുമാനം.
ലാൻഡ് അക്വിസിഷൻ ഓഫീസർ ഉടൻ തന്നെ 6(1 ) നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിക്കുമെന്നും ജില്ലാ കളക്ടർ 4(1 ) നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ച് സാമൂഹ്യാഘാത പഠനവും നടത്തുമെന്നും എംഎൽഎ അറിയിച്ചു.