കോതമംഗലം താലൂക്കിൽ റേഷൻ കടകൾ അടച്ചിട്ട് സമരം
1496272
Saturday, January 18, 2025 5:01 AM IST
കോതമംഗലം: താലൂക്കിൽ 27 മുതൽ റേഷൻ വ്യാപാരികൾ കടകൾ അടച്ചിട്ട് സമരം ചെയ്യും. റീട്ടെയ്ൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ കോതമംഗലം താലൂക്ക് സമര പ്രഖ്യാപന സമ്മേളനമാണ് ഇക്കാര്യം അറിയിച്ചത്.
റേഷൻ വ്യാപാരികളുടെ വേതന പാക്കേജ് കാലോചിതമായി പരിഷ്കരിക്കുക, ഡയറക്ട് പെയ്മെന്റ് സിസ്റ്റം നടപ്പാക്കാനുള്ള തീരുമാനം പിൻവലിക്കുക, പൊതുവിതരണം ശക്തിപ്പെടുത്തുക, വ്യാപാരികളുടെ വേതനം ലഭിക്കുന്നതിനുള്ള കാലതാമസം ഒഴിവാക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ അംഗീകരിക്കാത്തതിൽ പ്രതിഷേധിച്ച് സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ നടത്തുന്ന സമരത്തിന് കോതമംഗലം താലൂക്ക് യൂണിറ്റ് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
കോതമംഗലം പിഡബ്ലുഡി റസ്റ്റ് ഹൗസിൽ ചേർന്ന യോഗം സംയുക്ത സമരസമിതി ജില്ലാ കണ്‍വീനർ വി.വി. ബേബി ഉദ്ഘാടനം ചെയ്തു. താലൂക്ക് വർക്കിംഗ് പ്രസിഡന്റ് എം.എസ്. സോമൻ അധ്യക്ഷ വഹിച്ചു.
ജില്ലാ വൈസ് പ്രസിഡന്റ് മാജോ മാത്യു മുഖ്യപ്രഭാഷണം നടത്തി. താലൂക്ക് സെക്രട്ടറി എം.എം. രവി, ടി.എം. ജോർജ്, കെ.എസ്. സനൽകുമാർ, ബിജി എം. മാത്യു, പി.പി. ഗീവർഗീസ്, മോൻസി ജോർജ് എന്നിവർ പ്രസംഗിച്ചു.