നഗരസഭാ ഓഫീസിന്റെ പ്രവേശന കവാടം അടച്ച് സമരം നടത്തിയത് പ്രതിഷേധാർഹമെന്ന്
1496001
Friday, January 17, 2025 4:09 AM IST
മൂവാറ്റുപുഴ: നഗരസഭാ ഓഫീസിന്റെ പ്രവേശന കവാടം അടച്ചും രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയുടെ പ്രതിമ മറച്ചും സിപിഎമ്മിന്റെ നേതൃത്വത്തിൽ സമരം നടത്തിയത് പ്രതിഷേധാർഹമാണെന്ന് നഗരസഭാധ്യക്ഷൻ പി.പി. എൽദോസ്. ജനാധിപത്യ രീതിയിൽ സമരം നടത്താം. എന്നാൽ സഞ്ചാര സ്വാതന്ത്ര്യം തടസപ്പെടുത്തിയും നഗരസഭ വാഹനങ്ങൾ പുറത്ത് കൊണ്ട്പോകാൻ കഴിയാത്ത തരത്തിലും വഴി അടച്ച് ഒരു ദിവസം മുഴുവൻ സമരം നടത്തിയത് ജനങ്ങളോടുളള വെല്ലുവിളിയാണ്.
ഹൈക്കോടതി വരെ ഇത് പാടില്ലെന്ന് ഉത്തരവ് പുറപെടുവിച്ചിട്ടുണ്ട്. സംസ്ഥാന ഭരണത്തിന്റെ അഹങ്കാരത്തിലാണ് സിപിഎം ഇത്തരം നിയമ വിരുദ്ധ പ്രവർത്തനം നടത്തുന്നത്. പ്രധാന കവാടത്തിന് മുന്നിൽ പന്തൽ നിർമിക്കുകയും മറ്റൊരു കവാടം വാഹനം പാർക്ക് ചെയ്ത് തടസം സൃഷ്ടിക്കുകയും ചെയ്തു. ഇതിനെതിരെ നഗരസഭ സെക്രട്ടറി മൂവാറ്റുപുഴ പോലീസിൽ പരാതി നൽകി.
നഗരസഭ കവാടത്തിലുള്ള രാഷ്ട്രപിതാവിന്റെ പ്രതിമ മറച്ചാണ് സമരപ്പന്തൽ കെട്ടിയിരിക്കുന്നത്. നഗരസഭയുടെ രണ്ടാമത്തെ ഗേറ്റ് നഗരസഭ സെക്രട്ടറിയുടെ വാഹനമുൾപ്പെടെ മറ്റ് വാഹനങ്ങൾ കടന്നുവരാത്ത രീതിയിൽ വാഹനം പാർക്ക് ചെയ്തിരിക്കുന്നു. ഈ സാഹചര്യത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് നടപടി സ്വീകരിക്കണമെന്നാണ് സെക്രട്ടറിയുടെ പരാതിയിലുള്ളത്.