കീരന്പാറ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്ന്
1496004
Friday, January 17, 2025 4:13 AM IST
കോതമംഗലം: കീരന്പാറ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്ന് രാവിലെ 11ന് നടക്കും. യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തിൽ പ്രസിഡന്റായിരുന്ന മാമ്മച്ചൻ ജോസഫ് കോണ്‍ഗ്രസിലെ ധാരണ പ്രകാരം രാജിവച്ചതിനേതുടർന്നാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഒൻപതാം വാർഡംഗം ഗോപി മുട്ടത്തിനെ പ്രസിഡന്റാക്കുന്നതിനാണ് കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും തീരുമാനം.
പ്രസിഡന്റ് മാറ്റം സംബന്ധിച്ചുണ്ടായിരുന്ന തർക്കങ്ങൾ രമ്യമായി പരിഹരിച്ചുവെന്ന് നേതാക്കൾ വ്യക്തമാക്കി. 13 അംഗ ഭരണസമിതിയിൽ ഒരംഗത്തിന്റെ ഭൂരിപക്ഷത്തിലാണ് യുഡിഎഫ് ഭരിക്കുന്നത്. ഇതിനിടെ വോട്ടെടുപ്പിൽ യുഡിഎഫ് അംഗത്തെ കൂടെനിർത്തി ഭരണം പിടിക്കാൻ എൽഡിഎഫ് ശ്രമം നടത്തുന്നതായും പറയപ്പെടുന്നു.
എന്നാൽ യുഡിഎഫ് ഒറ്റക്കെട്ടാണെന്നും വോട്ട് ചോർച്ച ഉണ്ടാകില്ലെന്നുമാണ് നേതാക്കളുടെ അവകാശവാദം. ഇപ്പോഴത്തെ ഭരണസമിതിയുടെ ആദ്യ ഒന്നര വർഷം എൽഡിഎഫാണ് പഞ്ചായത്ത് ഭരിച്ചിരുന്നത്. എൽഡിഎഫിനെ പിന്തുണച്ചിരുന്ന സ്വതന്ത്ര അംഗം കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യയാക്കപ്പെട്ടത് എൽഡിഎഫിന് തിരിച്ചടിയായി.
വാർഡിലെ ഉപതെരത്തെടുപ്പിൽ വിജയിച്ച യുഡിഎഫ് ഭരണവും സ്വന്തമാക്കുകയായിരുന്നു. നഷ്ടപ്പെട്ട ഭരണം പ്രസിഡന്റ് തെരഞ്ഞെടുപ്പിലൂടെ തിരിച്ചുപിടിക്കാനാകുമോയെന്നാണ് എൽഡിഎഫിന്റെ നോട്ടം.