മെട്രോ ഇലക്ട്രിക് ബസ് സര്‍വീസുകൾ ആരംഭിച്ചു
1495704
Thursday, January 16, 2025 4:40 AM IST
കൊച്ചി: മെട്രോ സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ചുള്ള 'മെട്രോ കണക്ട്' ഇലക്ട്രിക് ബസ് സര്‍വീസ് ആരംഭിച്ചു. കളമശേരി മെഡിക്കല്‍ കോളജിന് സമീപമുള്ള ബസ് സ്റ്റാന്‍ഡില്‍ മന്ത്രി പി. രാജീവ് ആദ്യ ബസ് സര്‍വീസ് ഫ്ലാഗ് ഓഫ് ചെയ്തു.
കൊച്ചി മെട്രോ ഇന്ന് രാജ്യത്തിന്റെ അഭിമാനകരമായ പദ്ധതിയായി മാറിക്കഴിഞ്ഞിരിക്കുന്നുവെന്നും പ്രവര്‍ത്തന ലാഭമുണ്ടാക്കുന്ന സ്ഥാപനമായി കൊച്ചി മെട്രോയ്ക്ക് മാറാന്‍ കഴിഞ്ഞത് അഭിമാനകരമാണെന്നും മന്ത്രി രാജീവ് പറഞ്ഞു.
ഹൈബി ഈഡന് എംപി, എംഎല്‍എമാരായ കെ.എന്‍. ഉണ്ണികൃഷ്ണന്, അന്‍വര്‍ സാദത്ത്, കളമശേരി മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ സീമ കണ്ണന്, കൗണ്‍സിലര്‍ ജമാല്‍ മണക്കാടന്, കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് എംഡി ലോക്നാഥ് ബഹ്റ, അഡീഷണണന് ജനറല്‍ മാനേജര്‍ ടി.ജി. ഗോകുല്‍ എന്നിവര്‍ പ്രസംഗിച്ചു. ചടങ്ങിന് ശേഷം മന്ത്രി പി.രാജീവ്, ഹൈബി ഈഡന് എംപി, എംഎല്‍മാര്‍ തുടങ്ങിയവര്‍ ഇലക്ടിക് ബസില്‍ കളമശേരി മെട്രോ സ്റ്റേഷന് വരെ യാത്ര ചെയ്തു.
ബസുകളും റൂട്ടുകളും
ആലുവ നെടുമ്പാശേരി എയര്‍പോര്‍ട്ട്, കളമശേരി മെഡിക്കല്‍ കോളജ്, ഹൈക്കോര്‍ട്ട് എംജി റോഡ് സര്‍ക്കുലര്‍, കടവന്ത്ര കെ.പി. വള്ളോന്‍ റോഡ് സര്‍ക്കുലര്‍, കാക്കനാട് വാട്ടര്‍മെട്രോ കിൻഫ്രാ ഇന്‍ഫോപാര്‍ക്ക്, കിന്‍ഫ്രപാര്‍ക്ക്, കളക്ടറേറ്റ് എന്നീ റൂട്ടുകളിലാണ് ഇലക്ട്രിക് ബസ് സര്‍വീസുകള്‍. എയര്‍പോര്‍ട്ട് റൂട്ടില്‍ നാലു ബസുകളും, കളമശേരി റൂട്ടില്‍ രണ്ട് ബസുകളും, ഇന്‍ഫോപാര്‍ക്ക് റൂട്ടില്‍ ഒരു ബസും കളക്ടറേറ്റ് റൂട്ടില്‍ രണ്ട് ബസുകളും, ഹൈക്കോര്‍ട്ട് റൂട്ടില്‍ മൂന്നു ബസുകളും, കടവന്ത്ര റൂട്ടില്‍ ഒരു ബസുമാണ് സര്‍വീസ് നടത്തുക.
എയര്‍പോര്‍ട്ട് റൂട്ടില്‍ തിരക്കുള്ള സമയങ്ങളില്‍ 20 മിനിറ്റ് ഇടവിട്ടും തിരക്കില്ലാത്ത സമയങ്ങളില്‍ 30 മിനിറ്റും ഇടവിട്ടും സര്‍വീസുണ്ടാകും. രാവിലെ 6.45 മുതല്‍ സര്‍വീസ് ആരംഭിക്കും. രാത്രി 11 മണിക്കാണ് എയര്‍പോര്‍ട്ടില്‍ നിന്ന് ആലുവയിലേക്കുള്ള അവസാന സര്‍വീസ്.
കളമശേരി മെഡിക്കല്‍ കോളജ് റൂട്ടില്‍ 30 മിനിറ്റ് ഇടവിട്ട് സര്‍വീസ് ഉണ്ടാകും. രാവിലെ 8.30 മുതല്‍ വൈകിട്ട് 7.30 വരെയാണ് സര്‍വീസ്. കാക്കനാട് വാട്ടര്‍ മെട്രോ കിന്‍ഫ്രാ ഇന്‍ഫോപാര്‍ക്ക് റൂട്ടില്‍ രാവിലെ എട്ടു മുതല്‍ വൈകിട്ട് ഏഴ് വരെ 25 മിനിറ്റ് ഇടവിട്ട് സര്‍വീസ് നടത്തും.
കാക്കനാട് വാട്ടര്‍ മെട്രോ കളക്ടറേറ്റ് റൂട്ടില്‍ 20 മിനിറ്റ് ഇടവിട്ട് രാവിലെ എട്ട് മുതല്‍ വൈകിട്ട് 7.30 വരെയും, ഹൈക്കോര്‍ട്ട് എംജി റോഡ് സര്‍ക്കുലര്‍ റൂട്ടില്‍ 10 മിനിറ്റ് ഇടവിട്ട് രാവിലെ 8.30 മുതല്‍ വൈകിട്ട് 7.30 വരെയും, കടവന്ത്ര കെ.പി. വള്ളോന്‍ റോഡ് പനമ്പിള്ളി നഗര്‍ റൂട്ടില്‍ 25 മിനിറ്റ് ഇടവിട്ട് രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് എഴുവരെയും സര്‍വീസ് ഉണ്ടാകും.
ആലുവ എയര്‍പോര്‍ട്ട് റൂട്ടില്‍ 80 രൂപയും മറ്റു റൂട്ടുകളില്‍ അഞ്ച് കിലോമീറ്റര്‍ യാത്രയ്ക്ക് മിനിമം 20 രൂപയുമാണ് യാത്രാ നിരക്ക്. ഡിജിറ്റല്‍ പേയ്മെന്റ് വഴിയാണ് ടിക്കറ്റിംഗ്. കാഷ് ട്രാന്‍സാക്ഷനും ഉണ്ട്. യുപിഐ വഴിയും രൂപേ ഡെബിറ്റ് കാര്‍ഡ്, കൊച്ചി 1 കാര്‍ഡ് എന്നിവ വഴിയും പേയ്മെന്റ് നടത്താം. 33 സീറ്റുകളുള്ള ബസില്‍ മൊബെല്‍ ഫോണ്‍ ചാര്‍ജ് ചെയ്യാനുള്ള സൗകര്യവുമുണ്ട്.