ഉദ്ഘാടനത്തിനൊരുങ്ങി കിന്‍ഫ്ര കണ്വന്ഷന് സെന്റര്‍
1495976
Friday, January 17, 2025 3:22 AM IST
കൊച്ചി: വ്യാവസായികാനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാന സര്‍ക്കാരിനുവേണ്ടി കേരള ഇന്‍ഡസ്ട്രിയല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റ് കോര്പറേഷന് (കിന്‍ഫ്ര) കാക്കനാട് നിര്‍മിക്കുന്ന ഇന്റര്‍നാഷണല്‍ എക്സിബിഷന് കം കണ്വന്ഷന് സെന്ററിന്റെ (ഐഇസിസി) നിര്‍മാണം പൂര്‍ത്തിയായി. ഉദ്ഘാടനം നാളെ 3.30 ന് മന്ത്രി പി. രാജീവ് നിര്‍വഹിക്കും.
പദ്ധതിയുടെ ആദ്യഘട്ടമായ എക്സിബിഷന് സെന്റര്‍ കഴിഞ്ഞ ജനുവരിയില്‍ പൂര്‍ത്തിയായിരുന്നു. മൂന്ന് നിലകളിലായി 51,715 ചതുരശ്രഅടി വിസ്തീര്‍ണത്തില്‍ കണ്വന്ഷന് സെന്ററിന്റെ നിര്‍മാണമാണ് രണ്ടാംഘട്ടത്തില്‍ പൂര്‍ത്തിയാക്കിയത്. 640 പേര്‍ക്ക് ഇരിക്കാവുന്ന എയര്‍കണ്ടീഷന്‍ഡ് കണ്വന്ഷന് ഹാളും 100 പേര്‍ക്ക് ഇരിക്കാവുന്ന മിനി ഹാളും ഡൈനിംഗ് ഹാള്‍, അടുക്കള, വിഐപി അതിഥി മുറി, വിഐപി ലോഞ്ച്, ബോര്‍ഡ് റൂം എന്നിവയും മറ്റ് സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്.
ജ്വല്ലറി, ഉയര്‍ന്ന മൂല്യമുള്ള മറ്റ് ഇനങ്ങള്‍ എന്നിവയ്ക്കായി പ്രത്യേകം സജ്ജീകരണമുള്ള സ്റ്റാളുകള്‍ വേറെയുമുണ്ട്. ഇതോടെ പ്രദര്‍ശനങ്ങള്‍, കോണ്‍ഫറന്‍സുകള്‍, വ്യാപാരമേളകള്‍, കലാ, കരകൗശല പ്രദര്‍ശനങ്ങള്‍ എന്നിവയ്ക്കായി സെന്റര്‍ പൂര്‍ണമായും സജ്ജമായിക്കഴിഞ്ഞു.
ഇന്‍ഫോപാര്‍ക്ക് എക്സ്പ്രസ് വേയിലേക്ക് നേരിട്ടു പ്രവേശനം സാധ്യമാകും വിധത്തിലാണ് കണ്വന്ഷന് സെന്റര്‍ രൂപകല്പന ചെയ്തിട്ടുള്ളത്. സീപോര്‍ട്ട് – എയര്‍പോര്‍ട്ട് റോഡില്‍നിന്ന് രണ്ടു കിലോമീറ്ററാണ് ദൂരം. മെട്രോയുടെ രണ്ടാംഘട്ടം പൂര്‍ത്തിയാകുന്നതോടെ ഇവിടേക്കുള്ള കണക്ടിവിറ്റി കൂടുതല്‍ സുഗമമാകും.
വ്യാവസായിക പ്രദര്‍ശനത്തിനും വിപണനത്തിനും രാജ്യാന്തര പരിപാടികള്‍ക്കുമുള്ള സാധ്യതകള്‍ ഒരു കുടക്കീഴില് വരുന്നതിലൂടെ കേരളത്തിലെ ഉല്‍പ്പന്ന വിപണിക്ക് ആഗോളതലത്തില്‍ ശ്രദ്ധ നേടാന്‍ കഴിയുമെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യുന്നതിനുള്ള സംവിധാനവും ഉടന്‍ പ്രാബല്യത്തില്‍വരും.