കോലഞ്ചേരി വാഹനാപകടത്തിൽ പരിക്കേറ്റ അഞ്ചുപേര്‍ ആശുപത്രി വിട്ടു
1495979
Friday, January 17, 2025 3:22 AM IST
കോലഞ്ചേരി: കോലഞ്ചേരി ടൗണിലെ അപകടത്തില്‍ പരിക്കേറ്റ് എംഒഎസ്സി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരുന്ന ഒരു കുടുംബത്തിലെ ഏഴു പേരില്‍ അഞ്ചു പേരും പരിക്ക് ഭേദമായി ആശുപത്രി വിട്ടു.
ഹൈക്കോടതി അഭിഭാഷകനും കിഫ സ്ഥാപകാംഗവുമായ പരേതനായ അഡ്വ.അലക്സ് എം.സ്കറിയയുടെ ഭാര്യ വടുതല തട്ടാഴം റോഡില്‍ മാപ്പിളശേരില്‍ സരിത (38), ഇവരുടെ ആറ് മാസം പ്രായമായ ആണ്‍കുട്ടി, മക്കളായ ആമോസ്(11), ആന്‍ അലക്സ്(9), ടോം(7), ബന്ധുക്കളായ കണ്ണൂര്‍ തളിപ്പറമ്പ് കല്ലിടുക്കാനാനിക്കല് മരിയ തെരേസ്(25), വടുതല മാപ്പിളശേരില്‍ അക്ഷര (24) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരില്‍ അഞ്ചു പേരാണ് പരിക്ക് ഭേദമായി ആശുപത്രി വിട്ടത്.
ഇതില്‍ ആറു മാസം പ്രായമുള്ള കുഞ്ഞും കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശി മരിയയുമാണ് നിലവിൽ ചികിത്സയിലുള്ളത്.
ചൊവ്വാഴ്ച വടുതലയില്‍ നിന്ന് തൊടുപുഴയിലേക്കുള്ള യാത്രാമധ്യേയാണ് അപകടം സംഭവിച്ചത്. കുടുംബം സഞ്ചരിച്ചിരുന്ന ഫോര്‍ച്യൂണര്‍ കാര്‍ എതിരെ വന്ന മറ്റൊരു കാറില്‍ തട്ടി നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ എതിരേ വന്ന ബൈക്ക് ഇടിച്ച് തെറിപ്പിക്കുകയും ചെയ്തിരുന്നു.
ബൈക്ക് യാത്രക്കാരന് കടമറ്റം കുടിലില്‍ കെ.എസ്. അജിത്(24), കാര്‍ ഓടിച്ചിരുന്ന വയനാട് പള്ളിക്കുന്ന് പുലിയോടത്ത് ആകാശ് ബെന്നി (19) എന്നിവര്‍ക്കും പരിക്കേറ്റിരുന്നു. ഗുരുതരമായി പരുക്കേറ്റ ബൈക്ക് യാത്രികനായ അജിത്തിനെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കിയശേഷം രാജഗിരി ആശുപത്രിയിലേക്ക് മാറ്റി.