വാട്ടര്‍ കണക്ഷന് പുനസ്ഥാപിക്കൽ: കൈക്കൂലി വാങ്ങുന്നതിനിടെ ജീവനക്കാരന് കുടുങ്ങി
1495974
Friday, January 17, 2025 3:22 AM IST
കൊച്ചി: വിച്ഛേദിച്ച വാട്ടര്‍ കണക്ഷന് പുനസ്ഥാപിച്ചു കിട്ടാൻ കൈക്കൂലി ആവശ്യപ്പെട്ട ജീവനക്കാരൻ കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റിലായി. തോപ്പുംപടി വാട്ടര്‍ അഥോറിറ്റിയിലെ പ്ലംബര്‍ പി. ഷാജിമോനെ വിജിലന്‍സ് എറണാകുളം യൂണിറ്റ് ഡിവൈഎസ്പി എന്‍.ആര്. ജയരാജിന്റെ നേതൃത്വത്തിലുള്ള വിജിലന്‍സ് സംഘം അറസ്റ്റ് ചെയ്തത്. ഇയാളുടെ പക്കല്‍ നിന്നും കൈക്കൂലിയായി വാങ്ങിയ 7,000 രൂപ കണ്ടെടുത്തു.
വെള്ളക്കരം അടയ്ക്കാത്തതിനാല്‍ പള്ളുരുത്തി സ്വദേശിനിയായ പരാതിക്കാരിയുടെ വാട്ടര്‍ കണക്ഷന് ഒരു വര്‍ഷം മുമ്പ് വിശ്ചേദിച്ചിരുന്നു. കുടിശിക അടച്ചെങ്കിലും കണക്ഷൻ പുനസ്ഥാപിച്ചു കിട്ടിയില്ല. തുടര്‍ന്ന് പരാതിക്കാരി ഇന്നലെ പ്ലംബറെ ഫോണില്‍ വിളിച്ചപ്പോള്‍ 7,000 രൂപ കൈക്കൂലി നല്കിയാല് മാത്രമേ വാട്ടര്‍ കണക്ഷന് പുനസ്ഥാപിച്ചു നല്‍കാനാകൂ എന്നായിരുന്നു മറുപടി.
ഈ വിവരം പരാതിക്കാരി വിജിലന്‍സിനെ അറിയിച്ചു. തുടര്‍ന്ന് ഇന്നലെ വൈകിട്ട് 4.50ഓടെ തോപ്പുംപടി കുരിശു പള്ളിക്ക് സമീപത്തുവച്ച് പരാതിക്കാരിയില്‍ നിന്നു 7,000 രൂപ കൈക്കൂലി വാങ്ങവേ വിജിലന്‍സ് സംഘം കൈയോടെ പിടികൂടുകയായിരുന്നു. പ്രതിയെ ഇന്ന് തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും.