ഒരു ലക്ഷം മത്സ്യബന്ധന ബോട്ടുകളിൽ ട്രാൻസ്പോണ്ടറുകൾ സ്ഥാപിക്കും: കേന്ദ്രമന്ത്രി ജോർജ് കുര്യൻ
1495681
Thursday, January 16, 2025 4:20 AM IST
വൈപ്പിൻ : മത്സ്യബന്ധനത്തിനായി കടലിൽ പോകുന്ന മത്സ്യബന്ധന ബോട്ടുകൾക്ക് കാലാവസ്ഥ വ്യതിയാനത്തെ കുറിച്ച് മുന്നറിയിപ്പുനൽകാൻ ഇന്ത്യയിൽ ഒരു ലക്ഷം മത്സ്യബന്ധന ബോട്ടുകളിൽ ട്രാൻസ്പോണ്ടറുകൾ സ്ഥാപിക്കുന്ന നടപടികൾ ആരംഭിച്ചുവെന്ന് കേന്ദ്ര ഫിഷറീസ് സഹമന്ത്രി ജോർജ് കുര്യൻ.
കാലാവസ്ഥാ വ്യതിയാനം അതിജീവിക്കാൻ കേന്ദ്ര സർക്കാർ എടവനക്കാട് നടപ്പിലാക്കുന്ന പദ്ധതിയുടെ ഭാഗമായി സ്ഥല സന്ദർശനത്തിന് എത്തിയതായിരുന്നു മന്ത്രി.
അടിയന്തിര ഘട്ടങ്ങളിൽ ട്രാൻസ്പോണ്ടറുകൾ മുഖേന മത്സ്യ തൊഴിലാളികളുടെ വീട്ടുകാർക്ക് ആശയ വിനിമയം നടത്താനും കഴിയുമെന്ന് മന്ത്രി പറഞ്ഞു. ട്രാൻസ്പോണ്ടർ ഒന്നിന് 3 7000 രൂപ ചെലവ് വരും. ഇത് 60 ശതമാനം കേന്ദ്രവും 40 ശതമാനം സംസ്ഥാനവുമാണ് വഹിക്കുക.
കാലാവസ്ഥ വ്യതിയാനത്തെ അതിജീവിക്കാൻ ശാസ്ത്രീയ നടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ 36 വില്ലേജുകളാണ് തെരഞ്ഞെടുത്തിട്ടുള്ളത്. ഈ വർഷം ആറു വില്ലേജുകളിൽ നടപ്പിലാക്കും.
അതിലൊന്നാണ് എടവനക്കാട് വില്ലേജ് എന്ന് മന്ത്രി വ്യക്തമാക്കി. ഓരോ വില്ലേജിനും രണ്ടു കോടി രൂപയാണ് കേന്ദ്രസർക്കാർ നേരിട്ട് ചെലവഴിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
മന്ത്രിക്കൊപ്പം ഹൈബി ഈഡൻ എംപി, പഞ്ചായത്ത് പ്രസിഡന്റ് അസീന അബ്ദുൾ സലാം എന്നിവരും ഉണ്ടായിരുന്നു.