രാജഗിരിയില്‍ ജൂബിലി ആഘോഷങ്ങള്‍ക്കു തുടക്കം
1495256
Wednesday, January 15, 2025 4:26 AM IST
കൊച്ചി: ഇന്റര്‍നാഷണല്‍ കണ്‍സോര്‍ഷ്യം ഫോര്‍ സോഷ്യല്‍ ഡെവലപ്മെന്റ് (ഐസിഎസ്ഡി) സ്ഥാപിതമായതിന്റെ സുവര്‍ണ ജൂബിലിയുടെയും രാജഗിരി കോളജ് ഓഫ് സോഷ്യല്‍ സയന്‍സിലെ സാമൂഹ്യപ്രവര്‍ത്തന വിഭാഗത്തിന്റെ നേതൃത്വത്തിലുള്ള 'ദ്യുതി' അന്തര്‍ദേശീയ സമ്മേളനത്തിന്റെ രജത ജൂബിലിയുടെയും ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിച്ചു. സിഎംഐ കളമശേരി സേക്രഡ് ഹാര്‍ട്ട് പ്രോവിന്ഷ്യൽ സുപ്പീരിയറും മാനേജറുമായ ഫാ. ബെന്നി നല്ക്കര അധ്യക്ഷത വഹിച്ചു.
ഐസിഎസ്ഡി പ്രസിഡന്റ് പ്രഫ. മനോഹര്‍ പവാര്‍, വേണു രാജാമണി, കോളജ് പ്രിൻസിപ്പൽ റവ. ഡോ. എം.ഡി. സാജു എന്നിവര്‍ പ്രസംഗിച്ചു.
എട്ടിന് കാക്കനാട് രാജഗിരി വാലി കാമ്പസില്‍ തുടങ്ങിയ 'ദ്യുതി' ഇന്നലെ സമാപിച്ചു. സാമൂഹിക പ്രവര്‍ത്തനത്തിലെയും സാമൂഹിക- വികസനത്തിലെയും നൂതന രീതികളും സുസ്ഥിര മാറ്റത്തിനായുള്ള ആഗോള സമൂഹത്തിന്റെ ഏകീകരണവും എന്ന പ്രമേയത്തെ ആസ്പദമാക്കിയുള്ള സമ്മേളനം ഐസിഎസ്ഡിയുടെ സഹകരണത്തിലാണ് സംഘടിപ്പിച്ചത്.
സാമൂഹിക പ്രവര്‍ത്തന-വികസന മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍, വിദ്യാഭ്യാസ വിദഗ്ധര്‍, ഗവേഷണ വിദ്യാര്‍ഥികള്‍ എന്നിവര്‍ പങ്കെടുത്തു.