ആനച്ചാൽ പുഴയിൽ കോടികൾ ചെലവഴിച്ചു നിർമിച്ച സംരക്ഷണഭിത്തി ഇടിയുന്നു
1495680
Thursday, January 16, 2025 4:20 AM IST
കരുമാലൂർ: കരുമാലൂർ പഞ്ചായത്തിലെ ആനച്ചാൽ പുഴയിൽ കോടികൾ ചെലവഴിച്ചു നിർമിച്ച സംരക്ഷഭിത്തി ഇടിയുന്നു. ജനങ്ങൾ പ്രക്ഷോഭത്തിൽ.സംരക്ഷണ ഭിത്തിയുടെ നിർമാണം നടന്നത് അശാസ്ത്രീയമാണോ അതോ സമീപത്തെ അനധികൃത നിർമാണമാണോ ഭിത്തി ഇടിയാൻ കാരണമെന്ന് ചോദ്യം ഉയരുന്നു.
കരുമാലൂർ പഞ്ചായത്തിലെ പത്തൊൻപതാം വാർഡ് പരിധിയിലാണ് ആനച്ചാൽ പുഴയുടെ ഒരു വശത്തെ സംരക്ഷണഭിത്തി ഇടിഞ്ഞിരിക്കുന്നത്. ദിവസം ചെല്ലുന്തോറും കൂടുതൽ ഭാഗം ഇടിയുന്ന സ്ഥിതിയാണ്.
കേരള ലാൻഡ് ഡവലപ്മെന്റ് കോർപറേഷൻ, നബാർഡ്, കരുമാലൂർ പഞ്ചായത്ത് എന്നിവരുടെ സഹകരണത്തോടെയാണു അഞ്ചു കോടി രൂപ ചെലവഴിച്ചു രണ്ടു വർഷം മുൻപു നിർമാണം നടത്തിയത്. ആനച്ചാൽ മുതൽ തൈത്തറ വരെയുള്ള പുഴയുടെ ഇരുവശങ്ങളിലുമായി സംരക്ഷണഭിത്തി കെട്ടി ഏഴു തുമ്പുകൾ സ്ഥാപിക്കുന്ന പദ്ധതിയായിരുന്നു.
കോടികൾ ചിലവഴിച്ചു നടന്ന നിർമാണത്തിനെതിരെയും സമീപത്തായി അടുത്തിടെ തീരദേശ പരിപാലന നിയമം ലംഘിച്ചു നടന്ന ആനച്ചാൽ പുഴ കൈയേറ്റത്തിനെതിരെയും ആദ്യം മുതൽ തന്നെ നാട്ടുകാരുടെ പ്രതിഷേധം ഉയർന്നിരുന്നു. ഇതെല്ലാം കണ്ടില്ലെന്നു നടിച്ചതാണു തകർച്ചയുടെകാരണമെന്നാണ് ആക്ഷേപം ഉയർന്നിരിക്കുന്നത്.
യാതൊരു അനുമതിയും ഇല്ലാതെയാണ് ആനച്ചാൽ പുഴയോടു ചേർന്ന് അടുത്തിടെ അരയേക്കറോളം വരുന്ന ഭൂമി നികത്തി അനധികൃത നിർമാണ പ്രവർത്തനം നടന്നത്. പരാതി ഉയർന്നതോടെ വ്യവസായ വകുപ്പ് പരിശോധന നടത്തി എംഎസ്എംഇ ലൈസൻസ് റദ്ദാക്കിയിരുന്നു.
എന്നാൽ കരുമാലൂർ പഞ്ചായത്ത് അധികാരികളുടെ മൗനാനുവാദത്തോടെ പ്രവർത്തിക്കുന്നതായി പരാതി ഉയർന്നിട്ടുണ്ട്. കോടുകളുടെ അഴിമതിയോ, അല്ലെങ്കിൽ അനധികൃത നിർമാണം മൂലമാകാം സംരക്ഷണഭിത്തി ഇടിഞ്ഞതെന്നു കാട്ടി നാട്ടുകാർ പരാതിയുമായി രംഗത്തു വന്നിട്ടുണ്ട്.