പൈങ്ങോട്ടൂർ സെന്റ് ജോസഫ്സ് സ്കൂൾ പ്ലാറ്റിനം ജൂബിലി നിറവിൽ
1495691
Thursday, January 16, 2025 4:30 AM IST
പോത്താനിക്കാട്: പൈങ്ങോട്ടൂർ സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ പ്ലാറ്റിനം ജൂബിലി നിറവിൽ. ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് കോണ്ഗ്രിഗേഷൻ വിമല പ്രോവിൻസ് 1950 ൽ അപ്പർ പ്രൈമറിയായി ആരംഭിച്ച സ്കൂൾ 1983ൽ ഗേൾസ് ഹൈസ്കൂളായും 2000 ൽ ഹയർ സെക്കൻഡറി സ്കൂളായും ഉയർത്തപ്പെട്ടു.
യുപി, എച്ച്എസ്, എച്ച്എസ്എസ് വിഭാഗങ്ങളിലായി ഇപ്പോൾ 1700 ഓളം വിദ്യാർഥികൾ പഠിക്കുന്ന ഇവിടെ 63 അധ്യാപകരും 11 അനധ്യാപകരുമുണ്ട്. കഴിഞ്ഞ ഡിസംബർ 20ന് ആരംഭിച്ച ജൂബിലി ആഘോഷങ്ങൾ ഇന്ന് നടക്കുന്ന പൊതുസമ്മേളനത്തോടെ സമാപിക്കും. യുപി വിഭാഗത്തിന്റെ 75-ാം വാർഷികവും ഹയർ സെക്കൻഡറി വിഭാഗത്തിൻറെ 25-ാം വാർഷികവും വിപുലമായി ആഘോഷിക്കുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും നടത്തിയുണ്ടെന്ന് സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ദീപ്തി റോസ്, പ്രധാനാധ്യാപിക സിസ്റ്റർ സിജി ജോർജ് എന്നിവർ അറിയിച്ചു.
ഇന്ന് രാവിലെ 9.30ന് സ്കൂൾ മാനേജർ സിസ്റ്റർ മെർലിൻ പതാക ഉയർത്തും. തുടർന്ന് നടക്കുന്ന പൊതുസമ്മേളനം ഡീൻ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്യും. എഫ്സിസി സുപ്പീരിയർ ജനറൽ സിസ്റ്റർ ലിറ്റി അധ്യക്ഷത വഹിക്കും. മാത്യു കുഴൽനാടൻ എംഎൽഎ മുഖ്യപ്രഭാഷണം നടത്തും. പി.ജെ. ജോസഫ് എംഎൽഎ സംസ്ഥാനതല ജേതാക്കളെ ആദരിക്കും.
കോതമംഗലം രൂപത വികാരി ജനറൽ മോണ്. പയസ് മലേക്കണ്ടത്തിൽ അനുഗ്രഹ പ്രഭാഷണം നടത്തും. പൈങ്ങോട്ടൂർ സെന്റ് ആന്റണീസ് ഫൊറോന പള്ളി വികാരി ഫാ. ജെയിംസ് വരാരപ്പിള്ളി ജൂബിലി കലണ്ടർ പ്രകാശനം ചെയ്യും. പിന്നണി ഗായിക അഞ്ജു ഏബ്രഹാം വിശിഷ്ടാതിഥിയായിരിക്കും.
മുൻ മാനേജർ സിസ്റ്റർ ജോവിയറ്റ്, മുൻ പ്രിൻസിപ്പൽ സിസ്റ്റർ ജ്യോതിസ്, ജില്ലാ പഞ്ചായത്തംഗം റാണിക്കുട്ടി ജോർജ്, പഞ്ചായത്ത് പ്രസിഡന്റ് ജിജി ഷിജു, വിരമിക്കുന്ന അധ്യാപികമാരായ പ്രിൻസിപ്പൽ സിസ്റ്റർ ദീപ്തി റോസ്, സിസ്റ്റർ ആൻ ജെയിംസ്, സിനിമോൾ ടി. ജോസ്, എം.വി. മോളി തുടങ്ങിയവർ പ്രസംഗിക്കും.